തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് ശിക്ഷ വിധിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി. ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെതിരെയാണ് (49) പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. സമൂഹത്തിന് മാതൃകയാകേണ്ട പുരോഹിതനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവര്‍ത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
പിഴ ഇനത്തില്‍ അടയ്ക്കാന്‍ വിധിച്ച 50,000 രൂപ അതിജീവതയ്ക്ക് നല്‍കണം. എന്നാല്‍ പിഴയടക്കാത്തപക്ഷം പ്രതിയുടെ ശിക്ഷാ കാലാവധി അഞ്ചുമാസം കൂടി നീട്ടുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ആദ്യ കുര്‍ബാന ക്ലാസിലെത്തിയ കുട്ടിയെ വിളിച്ച് വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നതാണ് ഇയാള്‍ക്കെതിരെയുളള കുറ്റം.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്ലാസിലെ മറ്റ് കുട്ടികളും അധ്യാപകരും പുരോഹിതരും സാക്ഷികളായിരുന്നു. ഇതിന് പുറമെ മൊബൈലില്‍ പകര്‍ത്തിയ തെളിവും പരിഗണിച്ചാണ് പുരോഹിതന്‍ കുറ്റക്കാരനാണെന്ന് കോടതി വിധി പറഞ്ഞത്.
STORY HIGHLIGHTS: The court sentenced the priest who sexually assaulted a minor child