ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാവായ മോട്ടോമോറിനി രണ്ട് സ്റ്റൈലുകളിൽ ഇന്ത്യൻ വിപണിയിൽ ഇറക്കുന്ന 650സിസി ഇൻലൈൻ ട്വിൻ എൻജിൻ ഊർജംപകരുന്ന മോട്ടോർ സൈക്കിളുകളാണ് സെയ്മെസ്സോ സ്ക്രാംബ്ലർ, സെയ്മെസ്സോ റെട്രോ സ്ട്രീറ്റ്. സെയ്മെസ്സോ എന്നാൽ ആറര എന്നാണ് അർഥം! ഇതിൽ റെട്രോ സ്ട്രീറ്റ് ഓൺറോഡ് ബൈക്കാണെങ്കിൽ സ്ക്രാംബ്ലർ ഓൺറോഡിലും ഓഫ്റോഡിലും ഓടിക്കാവുന്ന ബൈക്കാണ്.
രണ്ട് ബൈക്കുകളും ഇരട്ടകളെപ്പോലെയാണെങ്കിലും അവയുടെ ഉപയോഗം അനുസരിച്ചുള്ള വ്യത്യാസങ്ങൾ ഡിസൈനിൽ കാണാം. ഹെഡ്ലാമ്പ് ഡിസൈൻ ഒന്നുതന്നെയാണ്. എന്നാൽ, സ്ക്രാംബ്ലറിൽ ഹെഡ്ലാമ്പിനുമുകളിൽ ചെറിയൊരു വൈസർ കൊടുത്തിരിക്കുന്നു. സ്ട്രീറ്റിൽ ആ സ്ഥാനത്ത് ക്രോം പ്ലേറ്റ് ചെയ്ത ലൈനിങ് കാണാം. സ്ട്രീറ്റിന്റെ ടാങ്കിൽ റേസിങ് സ്ട്രൈപ്പും വശങ്ങളിൽ മോട്ടോമോറിനി എന്ന ബാഡ്ജുയാണെങ്കിൽ സ്ക്രാംബ്ലറിൽ കമ്പനി ലോഗോ ആണ് കൊടുത്തിരിക്കുന്നത്. ഹെഡ്ലാമ്പിനുതാഴെ പക്ഷിച്ചുണ്ടുപോലെ എഴുന്നുനിൽക്കുന്ന മഡ്ഗാർഡ് സ്റ്റൈലിഷാണെങ്കിലും ടയറിനോട് ചേർന്നിരിക്കുന്ന മഡ്ഗാർഡിനുപിന്നിലേക്കുള്ള നീളം കുറവായതിനാൽ ഓഫ്റോഡിൽ പോകുമ്പോൾ റേഡിയേറ്ററിൽ ചെളി തെറിച്ചുപിടിക്കുന്നു. ടയറിനെ പൊതിഞ്ഞുനിൽക്കുന്ന മഡ്ഗാർഡാണ് സ്ട്രീറ്റിലുള്ളത്.
രണ്ട് സ്റ്റൈലുകളിലും മുന്നിൽ മുഴുവനായും അഡ്ജസ്റ്റ് ചെയ്യാവുന്ന യുഎസ്ഡി ഫോർക്ക് സസ്പെൻഷനാണ്, സ്ക്രാംബ്ലറിൽ സ്വർണനിറത്തിലാണെന്നുമാത്രം. രണ്ടിന്റെയും പിന്നിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന 118എംഎം ട്രാവലുള്ള ഓഫ് സെന്റർ മോണോഷോക്കാണുള്ളത്. ടിഎഫ്ടി ഇൻസ്ട്രമെന്റ് ഡിസ്പ്ലേയും സ്വിച്ചുകളും ഒരേപോലെതന്നെയാണ്. ആറര ലിറ്റർ എൻജിനാണ് ഈ ബൈക്കിനുള്ളതെന്ന് ഓർമപ്പെടുത്തുന്നതുപോലെ ടാങ്കിലും സീറ്റിലും സൈഡ് പാനലുകളിലും ആറര എന്ന് അക്കത്തിൽ എഴുതിയിരിക്കുന്നു. സീറ്റ് രണ്ടുപേർക്കുള്ളതാണെങ്കിലും പിൻയാത്രക്കാരന് ഒരുവിധത്തിൽ ഇരിക്കാനുള്ള നീളംമാത്രമേ പിന്നിലുള്ളൂ. സ്ക്രാംബ്ലറിന് വയർ സ്പോക് വീലുകളും സ്ട്രീറ്റിന് അലോയ് വീലുമാണ് കൊടുത്തിരിക്കുന്നത്. മുന്നിൽ 298എംഎം ഡബിൾ ഡിസ്ക്, പിന്നിൽ 255എംഎം ഡിസ്ക് ബ്രേക്കുമാണുള്ളത്.
എബിഎസ്, ഡ്യുവൽ ചാനൽ ആണ്! രണ്ടിലും വീൽ സൈസ് ഒന്നാണെങ്കിലും സ്ക്രാംബ്ലറിൽ ഓഫ്റോഡിനുതകുന്ന ബ്ലോക്ക് പാറ്റേണാണ് ടയറുകളിൽ. ടെയ്ൽലാമ്പും ഗ്രാബ് റെയിലും രണ്ടിലും വ്യത്യാസം ഇല്ല. മൊത്തത്തിൽ രണ്ട് സെയ്മെസ്സോയുടെ സ്റ്റൈലുകളും ആകർഷകമാണ്.
വ്യക്തിപരമായി സെയ്മെസ്സോ സ്ക്രാംബ്ലറാണ് എനിക്കിഷ്ടപ്പെട്ടത്. 649സിസി എൻജിൻ പുറപ്പെടുവിക്കുന്ന 55എച്ച്പിയും 54 നൂറ്റാൺമീറ്റർ ടോർക്കുമുള്ള ഈ എൻജിന്റെ പ്രകടനം കുറ്റമറ്റതാണ്. 3000 ആർപിഎം കഴിയുമ്പോൾ അൽപ്പം വിറയൽ അനുഭവപ്പെട്ടെന്ന് സൂചിപ്പിച്ചപ്പോൾ, കഴിഞ്ഞ 10 ദിവസമായി പലതരത്തിലുള്ള ആൾക്കാർ ഓടിച്ചതിന്റെ ഫലമായിരിക്കുമെന്ന മറുപടിയാണ് മോട്ടോമോറിനി ഉദ്യോഗസ്ഥൻ തന്നത്. സ്മൂത്ത് ഗിയർ ഷിഫ്റ്റും ഓഫ്റോഡിൽ കിട്ടുന്ന ബാലൻസും ബൈക്കിനെ പ്രതിയോഗികൾക്കൊപ്പം എത്തിക്കുന്നു. പവർ ഡെലിവറിയിൽ അൽപ്പം മുന്നിൽനിൽക്കുന്ന കവാസാക്കി സെഡ് 650യെ ആയിരിക്കും ഇന്ത്യൻവിപണിയിൽ സെയ്മെസ്സോ നേരിടുന്നത്.
ബൈക്കുകൾ നല്ലതാണെങ്കിലും സർവീസ് സെന്ററുകളുടെ കുറവ് വിൽപ്പനയെ ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! മോട്ടോമോറിനി സെയ്മെസ്സോ സ്ക്രാംബ്ലറിന് എക്സ് ഷോറൂം വിലയിട്ടിരിക്കുന്നത് 6.99 ലക്ഷവും റെട്രോ സ്ട്രീറ്റിന് 6.89 ലക്ഷം രൂപയുമാണ്.