ന്യൂഡല്‍ഹി: മെയ്ഡ് ഇന്‍ ഇന്ത്യ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികള്‍ മരിച്ചെന്ന ആരോപണവുമായി ഉസ്‌ബെക്കിസ്താന്‍. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക് എന്ന കമ്പനി നിര്‍മിച്ച ഡോക്-1 മാക്‌സ് എന്ന കഫ് സിറപ്പ് കഴിച്ചാണ് കുട്ടികള്‍ മരിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖബാധിതരായ 21 കുട്ടികളാണ് കഫ് സിറപ്പ് കഴിച്ചത്. ഇതില്‍ 18 കുട്ടികളും മരണപ്പെട്ടുവെന്ന് ഉസ്‌ബെക്കിസ്താന്‍ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. എല്ലാ കുട്ടികളും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെയാണ് കഫ് സിറപ്പ് കഴിച്ചത്. സിറപ്പിന്റെ പ്രധാന ഘടകം പാരസെറ്റാമോള്‍ ആണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരാണ് ഫാര്‍മസി വില്‍പ്പനക്കാരുടെ നിര്‍ദ്ദേശത്തില്‍ ഈ സിറപ്പ് കഴിക്കാറുള്ളത്. ഡോക്-1 മാക്‌സ് എന്ന സിറപ്പില്‍ എഥിലിന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രാഥമികമായ ലബോറട്ടറി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ ഈ സിറപ്പും കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങളും ഉസ്‌ബെക്കിസ്താനില്‍ നിരോധിച്ചു. ഇതിനു മുമ്പ് ഗാംബിയയിലും സമാന രീതിയിലുള്ള മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേസമയം ഹരിയാന ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിക്കുന്ന കഫ് സിറപ്പ് ഇന്ത്യന്‍ ലാബുകളില്‍ പരിശോധിച്ചതാണെന്നും അപ്പോള്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോളര്‍ വ്യക്തമാക്കി.
Story highlights: Made in India cough syrup took 18 kids life alleges Uzbekistan