അഹമ്മദാബാദ്: ചികിത്സയിൽ കഴിയുന്ന മാതാവിനെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മാതാവ് ഹീരാബെന്നിനെ ഇന്ന് രാവിലെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അഹമ്മദാബാദിലെ യു എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
‘ഹീരാബെന്നിനെ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില തൃപ്തികരമാണ്. മോദിയുടെ ജ്യേഷ്ഠൻ സോമാഭായി ആശുപത്രിയിലുണ്ടെന്നും’ ബിജെപി എംഎൽഎ കൗശിക് ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു. വിവരം അറിഞ്ഞതിനു പിന്നാലെ മാതാവിന് എത്രയും വേഗം സുഖം പ്രാപിക്കെട്ടേയെന്ന് ആശംസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ഒരു അമ്മയും മകനും തമ്മിലുള്ള സ്നേഹ ബന്ധം അമൂല്യമാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘മോദി ജി, പ്രയാസകരമായ ഈ സമയത്ത് എൻ്റെ സ്നേഹവും പിന്തുണയും താങ്കൾക്കൊപ്പമുണ്ടാകും. നിങ്ങളുടെ അമ്മ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു’. രാഹുൽ ഗാന്ധിയുെട ട്വീറ്റിൽ പറയുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ കൈലാഷ് നാഥൻ ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ, ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി എന്നിവർ ഹീരാബെന്നിനെ കാണാൻ അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തി. ഡോക്ടർമാരുമായി ഹീരാബെന്നിന്റെ ആരോഗ്യനിലയെ കുറിച്ച് സംസാരിച്ചു. കനത്ത സുരക്ഷയയാണ് ഒരുക്കിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജീവനക്കാരൊഴികെ മാറ്റാരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗർ നഗരത്തിനടുത്തുള്ള റെയ്‌സൻ ഗ്രാമത്തിലാണ് ഹീരാബെൻ താമസിക്കുന്നത്. മോദി തന്റെ മിക്ക ഗുജറാത്ത് സന്ദർശനങ്ങളിലും അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായി ഗുജറാത്തിൽ എത്തിയപ്പോൾ ഡിസംബർ നാലിന് അമ്മയെ അവരുടെ വസതിയിൽ ചെന്ന് കണ്ടതായി മോദി പറഞ്ഞു. അമ്മ തന്റെ ജീവിതത്തിന്റെ നൂറാം വർഷത്തിലേക്ക് കടക്കുന്ന അമ്മയ്ക്കായി ഒരു ബ്ലോഗ് എഴുതിയിരുന്നു. ഹീരാബെന്നിൻ്റെ ത്യാഗങ്ങളും അവരുടെ ജീവിതത്തിന്റെ വിവിധ വശങ്ങളും എടുത്തു കാണിക്കുന്നതായിരുന്നു അത്. അമ്മ തന്റെ മനസ്സിനേയും വ്യക്തിത്വത്തേയും ആത്മവിശ്വാസത്തേയും രൂപപ്പെടുത്തിയെന്നും മോദി പറഞ്ഞു.
STORY HIGHLIGHTS: PM Modis mother admitted to hospital in Ahmedabad condition stable