മുംബൈ: അക്ഷയ് കുമാറും ടൈഗർ ഷ്രോഫും അഭിനയിച്ച ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിലെ നായികയായിരുന്നു മുന്‍ ലോക സുന്ദരിയായ മാനുഷി ചില്ലര്‍. മാനുഷിയുടെ നാലാമത്തെ ചിത്രമായിരുന്നു ബഡേ മിയാൻ ഛോട്ടേ മിയാൻ. സാമ്രാട്ട് പൃഥ്വിരാജിന് ശേഷം അക്ഷയ് കുമാറിന്റെ നായികയായി മാനുഷി വീണ്ടും എത്തിയ ചിത്രമായിരുന്നു ഇത്.
അതേ സമയം അക്ഷയ് കുമാറും മാനുഷിയും തമ്മിലുള്ള പ്രേമഗാനം വന്നതോടെ ഇരുവരുടെയും പ്രായം വീണ്ടും ചര്‍ച്ചയായി. വലിയ ട്രോളുകള്‍ക്കാണ് ഇത് വഴിവച്ചത്. ഇപ്പോഴിതാ മാനുഷി അക്ഷയ് കുമാറുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകളോട് പ്രതികരിച്ചിരിക്കുകയാണ്.
സൂമിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. “ഒരു സൂപ്പർസ്റ്റാറിനൊപ്പം അഭിനയിക്കുന്നത് നല്ലതാണ്. നിങ്ങൾക്ക് അതുവഴി ഒരു നിശ്ചിതമായ സ്ക്രീന്‍ സ്പേസ് ലഭിക്കും. എന്റെ ആദ്യ സിനിമ മുതല്‍ പ്രായത്തിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ബഡേ മിയാൻ ഛോട്ടേ മിയാൻ സിനിമയിൽ ജോഡികളൊന്നും ഉണ്ടായിരുന്നില്ല.
മാർക്കറ്റിംഗിനായി ഞങ്ങൾ പാട്ടുകൾ ചെയ്തു. പാട്ടുകൾക്കായി രണ്ട് പേരെ ഒരുമിച്ച് ഡാന്‍സ് ചെയ്തു. അത് നല്ലതാണ്. അതില്‍ എന്തെങ്കിലും ക്രൂരമായ കാര്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്തായാലും ബഡേ മിയാൻ ഛോട്ടേ മിയാൻ ഒരു പ്രണയകഥയല്ല” – മാനുഷി പറഞ്ഞു.
2017ൽ ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി. മിസ് ഇന്ത്യ, മിസ് വേൾഡ് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുമ്പ് മാനുഷി സോനിപത്തിലെ ഭഗത് ഫൂൽ സിംഗ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എംബിബിഎസ് ചെയ്യുകയായിരുന്നു. പരിശീലനം നേടിയ കുച്ചിപ്പുഡി നർത്തകി കൂടിയാണ് താരം.