ബ്രിസ്ബേയ്ൻ: കടലും മരുഭൂമിയും കടന്ന് “പെരിയോനേ എൻ റഹ്മാനേ, പെരിയോനേ റഹീം…” എന്ന പാട്ടു പാടി സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ ജിതിൻ രാജ് ജൂലൈയിൽ ഓസ്ട്രേലിയയിലേക്ക്. ശ്രീ. സ്റ്റീഫൻ ദേവസിക്കൊപ്പം ജൂലൈ 19,20,21 തീയതികളിൽ ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ സിഡ്‌നി, ബ്രിസ്‌ബെയ്ൻ, മെൽബൺ എന്നിവിടങ്ങളിൽ അരങ്ങേറുന്ന ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ ഭാഗമാവാനൊരുങ്ങുകയാണ് സംഗീത ലോകത്തെ പുത്തൻ താരോദയം.
മുപ്പതിലേറെ സിനിമകളിൽ പാട്ടുപാടിയിട്ടുള്ള, മലപ്പുറം കൊണ്ടോട്ടിക്കാരനെ ആളുകൾ തേടിയെത്തിയത് ബെന്യാമിന്റെ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ സിനിമയിൽ എ.ആർ.റഹ്മാന്റെ സംഗീതത്തിൽ പിറന്ന “പേരിയോനെ ” എന്ന ഗാനത്തിന് ശേഷമാണ്. മറ്റൊരു പാട്ടിന്റെ ആവശ്യത്തിനായി എ.ആർ.റഹ്മാന്റെ സ്റ്റുഡിയോയിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായാണ് ആടുജീവിതത്തിൽ പാടാൻ അവസരം ലഭിച്ചത്.
കുട്ടിക്കാലം മുതലേ മാപ്പിളപ്പാട്ടുകളോട് താല്പര്യമുണ്ടായിരുന്ന ജിതിൻ, സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ‘ഇന്ത്യൻ വോയ്സ് ‘ രണ്ടാം സീസണിൽ ഫൈനലിസ്റ്റും ആയിരുന്നു.
‘ സിഗരം തൊട് ‘എന്ന ചിത്രത്തിൽ ശ്രേയ ഘോഷാലുമൊന്നിച്ചുള്ള ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് തുടക്കംകുറിച്ചത് . തോപ്പിൽ ജോപ്പൻ,മേരി ആവാസ് സുനോ,പരോൾ എന്നീ മലയാള സിനിമകളിലും, മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ‘ജനതാ ഗാരേജ്’ തുടങ്ങി ഒട്ടേറെ സിനിമകളിൽ പാടിയിട്ടുണ്ട് . എ.ആർ.റഹ്മാൻ സംഗീതം ചെയ്ത ‘പൊന്നിയൻ സെൽവൻ’ മലയാളം മൊഴിമാറ്റ സിനിമയിലും, കൂടാതെ നിരവധി തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും പിന്നണിഗായകനായ് നിലകൊള്ളുന്നു.