കാസര്‍കോട്: കാസര്‍കോട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ എല്‍ഡിഎഫ് പ്രചരിപ്പിച്ച തെരഞ്ഞെടുപ്പ് വീഡിയോ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്ന് ആക്ഷേപം. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് യുഡിഎഫ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിട്ടുണ്ടെന്നാണ് എല്‍ഡിഎഫ് വിശദീകരണം.
കാസര്‍കോട്ടെ ഇടത് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍റേയും സിപിഎം ജില്ലാ സെക്രട്ടറി ചുമതല വഹിക്കുന്ന സിഎച്ച് കുഞ്ഞമ്പു എംഎല്‍എയുടേയും ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലാണ് വീഡിയോ പോസ്റ്റ് ചെയതത്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ നെറ്റിയിലെ കുറി മായ്ച്ച് കളയണമെന്നും കയ്യിലെ ചരടുകള്‍ മുറിച്ച് മാറ്റണമെന്നും മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്നും പറയുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്.
വിവാദമായതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അടക്കം വീഡീയോ നീക്കം ചെയ്തു. പക്ഷേ പല ഇടത് സാമൂഹിക മാധ്യമ ഗ്രൂപ്പൂകളിലും വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. വര്‍ഗീയ പ്രചാരണമാണെന്നും ഒരു പ്രദേശത്തെ അപമാനിക്കുന്നതാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് അറിയിച്ചു. ഒരു സമുദായത്തേയോ പ്രദേശത്തേയോ അപമാനിക്കാന് ഉദ്ദേശിച്ചല്ല വീഡിയോ എന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിട്ടുണ്ടെന്നുമാണ് എല്‍ഡിഎഫ് വിശദീകരണം.