ദില്ലി: ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബഹിരാകാശ രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചുള്ള വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി.കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് ബഹിരാകാശ മേഖലയിൽ നൂറ് ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചത്.ഉപഗ്രഹഘടകങ്ങളുടെ നിർമ്മാണത്തിൽ നൂറ് ശതമാനവും, ഉപഗ്രഹ നിർമ്മാണ,ഉപഗ്രഹ സേവന മേഖലകളിൽ 74 ശതമാനം നിക്ഷേപവുമാണ് അനുവദിച്ചിരിക്കുന്നത്.വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണ മേഖലയിൽ 49 ശതമാനം വരെയും നിക്ഷേപമാകാം.
ഇന്ത്യയിലെത്തുന്ന ഇലോൺ മസ്ക് ഇന്ത്യൻ ബഹിരാകാശ സ്റ്റാർടപ്പുകളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തും. ഇരുപത്തിരണ്ടാം തീയതി ദില്ലിയിൽ വച്ചായിരിക്കും കൂടിക്കാഴ്ച.സ്കൈറൂട്ട് എയറോസ്പേസ്, അഗ്നികുൽ കോസ്മോസ്, ധ്രുവ സ്പേസ് എന്നീ കന്പനികളുടെ സ്ഥാപകർ പരിപാടിയിൽ പങ്കെടുക്കും.ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവന കന്പനിയായ സ്റ്റാർലിങ്കും, ഇലക്ട്രിക് കാർ നിർമ്മാണ കന്പനിയായ ടെസ്ലയും ഇന്ത്യയിൽ നിക്ഷേപം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇലക്ട്രിക് വാഹന ഇറക്കുമതി ചട്ടങ്ങളും മസ്കിന് അനുകൂലമായ രീതിയിൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തിരുന്നു.