ദില്ലി: ഒന്നിച്ച് പോരാടാമെന്ന സന്ദേശവുമായി ദില്ലി മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച സഞ്ജയ് സിങ് എം പി തീഹാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണം. എ എ പി ഓഫീസിൽ നൽകിയ സ്വീകരണത്തിലാണ് ജയിൽ മോചിതനായ സഞ്ജയ് സിങ് പ്രതിപക്ഷം ഒന്നിച്ച് പോരാടേണ്ട സമയമാണെന്ന് ഓർമ്മിപ്പിച്ചത്. അധികനാൾ ബി ജെ പിയുടെ ഏകാധിപത്യം നീളില്ലെന്ന് പറഞ്ഞ അദ്ദേഹം ഈ വാക്കുകൾ ബി ജെ പി നേതാക്കൾ ഓർത്തു വെച്ചോ എന്നും പറഞ്ഞു. ദില്ലിയുടെ ജനങ്ങൾക്കായി പ്രവർത്തിച്ചതിനാണ് കെജരിവാൾ അടക്കമുള്ള നേതാക്കളെ ജയിലടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനെയും മകളെയും ഇ ഡി വേട്ടയാടുകയാണെന്നും സഞ്ജയ് സിങ് പറഞ്ഞു.
മോദി സർക്കാർ എത്ര അടച്ചിട്ടാലും ജയിലുകൾ തുറക്കപ്പെടുമെന്നും സഞ്ജയ് സിങ്ങ് പറഞ്ഞു. ഇത് പോരാട്ടത്തിനുള്ള സമയമാണെന്നും എല്ലാ പ്രവർത്തകരും പ്രക്ഷോഭത്തിന് തയ്യാറെടുക്കണമെന്ന ആഹ്വാനവും അദ്ദേഹം നൽകി. ‘ബി ജെ പിക്കാരെ നിങ്ങളുടെ സർക്കാർ ഞങ്ങടെ നേതാക്കളെ തകർക്കാൻ ഇനിയും നോക്കിക്കോളു. അത് ഞങ്ങളെല്ലാം ഒന്നിച്ച് നേരിടും. മോദി ചെവി തുറന്ന് കേട്ടോളൂ. ഒരോ പ്രവർത്തകരും നേതാക്കളും കെജ്രിവാളിനാപ്പം ആണ്. അധികനാൾ നിങ്ങളെ വാഴിക്കില്ല. എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലടക്കാനാണ് ശ്രമം. പ്രക്ഷോഭത്തിൽ നിന്നാണ് എ എ പി പിറവി എടുത്തത് എന്ന് ഓർക്കണം. ഒന്നിനെയും ഭയപ്പെടില്ലെന്ന് ഓർത്തോളൂ’ – എന്നും സഞ്ജയ് സിങ്ങ് പറഞ്ഞു.
ബിജെപിക്ക് മറുപടി നൽകേണ്ട സമയമായി. രാജ്യത്തുടനീളമുള്ള എല്ലാ അഴിമതിക്കാരെയും അവർ ചേർത്തുപിടിച്ചു. ബി ജെ പി എന്നത് ബംഗാരു ജനതാ പാർട്ടിയാണെന്നും സഞ്ജയ് സിങ്ങ് പറഞ്ഞു. രാത്രി എട്ട് മണിയോടെയാണ് സഞ്ജയ് സിങ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് കാത്ത് നിന്ന് എ എ പി പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. ദില്ലി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സഞ്ജയ് സിങിന് ജാമ്യം ലഭിക്കുന്നത്.