മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പിന്നാലെ എഐ ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള നീക്കവുമായി യൂട്യൂബും.
ദൈര്‍ഘ്യമേറിയ വീഡിയോകള്‍ സൗകര്യപ്രദമായി കാണുക, വീഡിയോയ്ക്ക് കീഴിലെ കമന്റ് സെക്ഷന്‍ കൂടുതല്‍ സജീവമാക്കുക, വിദ്യാഭ്യാസ അധിഷ്ടിത ഉള്ളടക്കത്തില്‍ നിന്ന് എളുപ്പം പഠനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ്‍് എഐയെ കമ്പനി കൂട്ട് പിടിക്കുന്നത്
പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ദൈര്‍ഘ്യമേറിയ വീഡിയോ മുഴുവനും കണ്ടിരിക്കുന്നതിന് വിരാമമാകും. വീഡിയോയിലെ രസകരമായ രംഗങ്ങള്‍ മാത്രം എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഫീച്ചര്‍ നിങ്ങളെ സഹായിക്കും. വീഡിയോകളില്‍ ഡബിള്‍ ടാപ്പ് ചെയ്ത് അത് സ്‌കിപ്പ് ചെയ്ത് കാണാന്‍ ശ്രമിക്കുമ്പോള്‍ സ്‌ക്രീനില്‍ ഒരു ബട്ടന്‍ തെളിയും. അതു വഴി വീഡിയോയിലെ രസകരമെന്ന് എഐ കണ്ടെത്തിയ രംഗങ്ങള്‍ തിരഞ്ഞെടുത്ത് കാണാനാകും. നിലവില്‍ ചുരുക്കം ചില യൂട്യൂബ് പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ എഐ വീഡിയോ നാവിഗേഷന്‍ ടൂള്‍ ലഭ്യമായിട്ടുള്ളൂ. വൈകാതെ കൂടുതല്‍ പേരിലേക്ക് ഈ സൗകര്യം എത്തിയേക്കുമെന്നാണ് സൂചന.
സാധാരണ വീഡിയോയ്ക്ക് താഴെ നിരവധി ചര്‍ച്ചകള്‍ അരങ്ങേറാറുണ്ട്. വീഡിയോയിലെ വിഷയം, അവതരണരീതി, അവതാരകര്‍ പോലുള്ള പലവിധ വിഷയങ്ങളെ കുറിച്ചാവും ആ ചര്‍ച്ചകള്‍. നിലവില്‍ സമയ ക്രമത്തിലാണ് കമന്റ് സെക്ഷനില്‍ കമന്റുകള്‍ കാണുക. ഒരാള്‍ ആരംഭിച്ച ചര്‍ച്ചാ വിഷയത്തിന്‍ കീഴില്‍ ചര്‍ച്ച നടത്താനായി റിപ്ലൈ കൊടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. പുതിയ എഐ ഫീച്ചര്‍ വരുന്നതോടെ വീഡിയോയിലെ കമന്റുകള്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണിക്കാനാകും. എഐയുടെ സഹായത്തോടെയാണ് കമന്റുകള്‍ വേര്‍തിരിക്കുകയെന്ന മെച്ചവുമുണ്ട്. ഇനി മുതല്‍ വീഡിയോയിലെ കമന്റ് സെക്ഷന്‍ തുറക്കുമ്പോള്‍ ‘ടോപ്പിക്സ്’ എന്ന പേരില്‍ ഒരു ടാബ് കാണാം. അത് തിരഞ്ഞെടുത്താല്‍ വിവിധ വിഷയങ്ങള്‍ക്ക് കീഴില്‍ കമന്റുകള്‍ ക്രമീകരിച്ചിരിക്കുന്നത് കാണാനാകും. ഇതില്‍ ഇഷ്ടമുള്ളവ തിരഞ്ഞെടുക്കുന്നത് വഴി എളുപ്പത്തില്‍ ചര്‍ച്ചയുടെ ഭാഗമാവാം.