അബുദാബി: ജോലിക്കെത്തിയ വീട്ടില്‍ നിന്ന് സ്വര്‍ണ്ണ മാല മോഷ്ടിച്ച സ്ത്രീക്ക് തടവും പിഴയും വിധിച്ച് യുഎഇ കോടതി. ഏഷ്യന്‍ വംശജയായ സ്ത്രീയെയാണ് മോഷണകുറ്റത്തിന് ആറുമാസം തടവിന് വിധിച്ചത്. ഇവരില്‍ നിന്നും 20,000 ദിര്‍ഹം പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയാല്‍ പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
പ്രതി ജോലി ചെയ്തിരുന്ന വീടിന്റെ ഉടമസ്ഥനാണ് 20,000 ദിര്‍ഹം വിലയുള്ള സ്വര്‍ണ്ണ മാല കാണാനില്ലെന്ന പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഷ്യന്‍ വംശജയായ സ്ത്രീയെ പിടികൂടിയത്. തന്റെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വർണ്ണ മാല
കാണാതാവുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഓണ്‍ലൈനിലൂടെയാണ് പ്രതിയായ സ്ത്രീയെ വീട്ടുജോലിക്ക് വേണ്ടി ഉടമ കണ്ടെത്തിയത്. ജോലിക്കെത്തി പതിനാലുദിവസത്തിനുശേഷം ജോലിയില്‍ നിന്ന് ഇവര്‍ വിട്ടുപോയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇവര്‍ പോയതിന് ശേഷമാണ് മാല കാണാതായതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് സ്ത്രീയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്നും വീട്ടുടമ പറഞ്ഞു.
അതേസമയം ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൂടാതെ ഇത്തരം നിരവധി കേസുകളില്‍ ഇവര്‍ പങ്കാളിയാണെന്ന് വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. വീട്ടു ജോലിക്കായെത്തി പണവും വിലകൂടിയ വസ്തുക്കളും മോഷ്ടിച്ച് നിരവധി കുടുംബങ്ങളെ താന്‍ വഞ്ചിച്ചതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു. മറ്റൊരാളുടെ താമസ വിസയുടെ കോപ്പി ഉപയോഗിച്ച് അനധികൃതമായാണ് പ്രതി രാജ്യത്ത് താമസിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.
STORY HIGHLIGHTS: Woman jailed in Dubai fined Dh20 000 for stealing gold necklace from employer s house