കണ്ണൂര്‍: വിവാദമായ വൈദീകം റിസോര്‍ട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ പുറത്ത്. പി കെ ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരികളാണ് ഉള്ളത്. റിസോര്‍ട്ടിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍പേഴ്‌സനും ഇന്ദിരയാണ്. റിസോര്‍ട്ടില്‍ ഇന്ദിരയുടെ ഓഹരി വെളിപ്പെടുത്താന്‍ നേരത്തെ സിഇഒ തയ്യാറായിരുന്നില്ല.
2021 ഡിസംബര്‍ 17 നാണ് ഇന്ദിര ചെയര്‍പേഴ്‌സനായത്. ഇതിന് മുമ്പ് മകന്‍ ജെയ്‌സനായിരുന്നു ചെയര്‍മാന്‍. ജെയ്‌സന്റെ ഓഹരിമൂല്യം 10 ലക്ഷം രൂപയാണ്. ഇതോടെ ഇപിയുടെ കുടുംബത്തില്‍ ഭാര്യക്കും മകനും മാത്രമായി 92 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോര്‍ട്ടിലുള്ളത്.
2014 ലാണ് കമ്പനി രൂപീകരിച്ചത്. സിപിഐഎം സഹയാത്രികനായ കെ പി രമേഷ് കുമാറും ജയ്‌സണ് ഒപ്പം തുടക്കം മുതല്‍ തന്നെ കമ്പനിയുടെ പങ്കാളിയാണെന്നും പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ കമ്പനിയില്‍ 11 ഡയറക്ടര്‍മാരാണ് ഉള്ളത്.
അതേസമയം വിവാദങ്ങളെല്ലാം ജനങ്ങള്‍ക്ക് വിടുന്നുവെന്നാണ് വിവാദത്തില്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. താന്‍ ഇതുപോലുള്ള നിരവധി നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് ഇ പി ഇക്കാര്യം പറഞ്ഞത്. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഹോമിയോ ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ പേര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഇ പിയുടെ വിശദീകരണം.
‘ഞാന്‍ ഇതുപോലുള്ള നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത് മാത്രമല്ല. പറശ്ശിനി വിസ്മയ പാര്‍ക്ക്. ഞാന്‍ ഉണ്ടാക്കികൊടുത്തയൊന്നാണ്. കണ്ടല്‍ പാര്‍ക്ക്. പരിയാരത്തെ നിര്‍മ്മാണ ഫാക്ടറി, പാപ്പിനിശ്ശേരി ഹോമിയോ ഹോസ്പിറ്റല്‍. ഒട്ടനവധി സ്ഥാപനങ്ങള്‍ ഞാന്‍ മുന്‍കൈ എടുത്ത് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാം ജനങ്ങള്‍ മനസ്സിലാക്കും. അതിനനുസരിച്ച് അവര് പ്രതികരിക്കും. ഞാന്‍ പ്രത്യേകിച്ച് ഒന്നും പറയാന്‍ പോകുന്നില്ല.’ ട്വന്റി ഫോര്‍ ന്യൂസിനോടാണ് ഇ പി ജയരാജന്റെ പ്രതികരണം.
Story Highlights: EP Jayarajan wife indira is the largest shareholder in Vaidikam