ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം എട്ടാം തവണയും സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്വന്തമാക്കുമെന്ന് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ലോകകപ്പ് വിജയത്തോടെ മെസ്സി എംബാപ്പെയെക്കാള്‍ മുന്നിലാണ്. ഈ സീസണിലെ വിജയിയെ തീരുമാനിക്കുന്നത് ലോകകപ്പിലെ വിജയമായിരിക്കുമെന്നും ലെവന്‍ഡോവ്‌സ്‌കി അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഫൈനലില്‍ രണ്ട് ഗോള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളുമായി മികച്ച പ്രകടനമാണ് മെസ്സി കാഴ്ച്ചവെച്ചത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും താരം സ്വന്തമാക്കിയിരുന്നു. ഇതോടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ എംബാപ്പെയേക്കാള്‍ മുകളിലാണ് മെസ്സിയെന്നാണ് ലെവന്‍ഡോവ്‌സ്‌കി പറയുന്നത്. ലോകകപ്പില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ട് അര്‍ജന്റീനയോട് രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു.
ഈ സീസണില്‍ പിഎസ്ജിക്കായും മെസ്സി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 19 മത്സരങ്ങള്‍ കളിച്ച താരം 12 ഗോള്‍ നേടുകയും 14 ഗോളിന് വഴിയൊരുക്കുകയും ചെയ്തു. അതേസമയം ലോകകപ്പില്‍ എട്ട് ഗോളുകളോടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം എംബാപ്പെ സ്വന്തമാക്കിയിരുന്നു. പിഎസ്ജിക്കായി 20 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളാണ് താരത്തിന് സ്വന്തമായുള്ളത്.
Story highlights: Lewandowski said that Messi will win Ballon D’or 8th time