റിയാദ്: ഒരാഴ്ച്ചക്കുള്ളില്‍ 15,303 പേരെ നിയമലംഘന കേസുകളിൽ അറസ്റ്റ് ചെയ്ത് സൗദിഅറേബ്യ. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരെയാണ് പിടികൂടിയത്. സൗദി, ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് അറിയിച്ചത്.
സൗദിയില്‍ ഡിസംബര്‍ പതിമൂന്ന് മുതല്‍ ഇരുപത്തിമൂന്നുവരെയുള്ള ഒരാഴ്ച്ചക്കുള്ളില്‍ 8,816പേരെയാണ് താമസനിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റുചെയ്തത്. അതേസമയം 3933പേരെ അറസ്റ്റുചെയ്തത് അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചതിനാണ്. കൂടാതെ തൊഴില്‍ സംബന്ധമായ നിയമലംഘനം നടത്തിയതില്‍ ഇക്കാലയളവില്‍ പടിയിലായത് 2,554പേരാണ്.
അതിര്‍ത്തി ഭേദിച്ച് നിയമലംഘനം നടത്തിയ 560പേരില്‍ അന്‍പത്തിയേഴുശതമാനം പേരും യമന്‍ പൗരന്‍മാരാണ്. മുപ്പത്തിയാറുശതമാനംപേര്‍ എത്യോപ്യൻ പൗരന്‍മാരും ഏഴുശതമാനത്തോളം പേര്‍ മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അയല്‍രാജ്യത്തേക്ക് യാത്രാരേഖകളില്ലാതെ കടക്കാന്‍ ശ്രമിച്ചതിനാണ് ഇവരില്‍ തൊണ്ണൂറ്റിയഞ്ചുശതമാനം പേരും പിടിയിലാകുന്നത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരെ സംരക്ഷിക്കുകയും താമസ സൗകര്യമുള്‍പ്പടെ സഹായം ചെയ്യുകയും ചെയ്തതിനാണ് പത്തൊന്‍പതുശതമാനം പേര്‍ പിടിയിലായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അനധികൃതമായി അതിര്‍ത്തി കടക്കുന്നവര്‍ക്ക് താമസ, സുരക്ഷാ സൗകര്യമുള്‍പ്പെടെയുള്ള സഹായം നല്‍കുന്നതായി കണ്ടെത്തിയാല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് സൗദി സര്‍ക്കാര്‍ പറഞ്ഞു. കൂടാതെ ഒരു ദശലക്ഷം സൗദി റിയാല്‍ പിഴയും ഇത്തരം നിയമലംഘകരില്‍ നിന്നും ഈടാക്കുന്നതാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് 911 എന്ന ടോള്‍ പ്രീനമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
STORY HIGHLIGHTS: Saudi Arabia has arrested 15,303 people in cases of violation of law within a week