സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം നല്‍കി ഇന്ന് ക്രിസ്മസ്. തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം ആഘോഷങ്ങളും പ്രാര്‍ത്ഥനകളുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഗംഭീരമാക്കുകയാണ് നാടും നഗരവും.
നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും പുല്‍ക്കൂടും ഒരുക്കി ഒരു മാസം മുന്‍പേ ആഘോഷം തുടങ്ങിയിരുന്നു. കരോളും സമ്മാനങ്ങളുമായി വീടുകളിലേക്ക് ക്രിസ്മസ് പാപ്പാമാര്‍ എത്തിത്തുടങ്ങുകയും ചെയ്തു. കേക്ക് മുറിച്ചും സന്ദേശങ്ങള്‍ നേര്‍ന്നും ആടിയും പാടിയും നാട് ക്രിസ്മസ് സന്തോഷത്തിലമരുകയാണ്.
പള്ളികളിലും വലിയ തിരക്കുകളാണ് അനുഭവപ്പെട്ടത്. ബെത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ സ്മരിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുകൂടി. യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍മിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ഉക്രൈനിലെ യുദ്ധത്തെയും മറ്റ് സംഘര്‍ഷങ്ങളെയും കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, അധികാരത്തോടുള്ള അത്യാഗ്രഹം അയല്‍ക്കാരെപ്പോലും വിഴുങ്ങാന്‍ പ്രേരിപ്പിക്കുന്ന തരത്തിലെത്തിയെന്നും പറഞ്ഞു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് അദ്ദേഹം നേതൃത്വം നല്‍കി. നാലായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്ത ശേഷം പത്താമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്.
Story highlights: Pope Francis message to people on Christmas day