ദില്ലി: ഇന്റർനെറ്റിലൂടെയുള്ള അശ്ലീല ദൃശ്യങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പോണോഗ്രാഫിക് വീഡിയോകൾ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാവുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. പീഡിയാട്രിക് സർജനായ സഞ്ജയ് കുൽശ്രേഷ്ഠയാണ് വിഷയത്തിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
ഇന്റർനെറ്റ് പോൺ സ്വഭാവിക ലൈംഗികതയ്ക്ക് വെല്ലുവിളി മാത്രമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഭയാനകമായ വർദ്ധനവിന് കാരണമാകുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ പറയുന്നുണ്ട്. വർധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള അശ്ലീല കണ്ടന്റുകൾ നിയന്ത്രിക്കാൻ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന് കീഴിലുള്ള അധികാരം വിനിയോഗിക്കാൻ സുപ്രീം കോടതി നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടാവാം. എന്നാൽ 24 മണിക്കൂറും ഏത് പ്രായത്തിലുള്ള ആളുകൾക്കും വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന പോണാഗ്രോഫിക് വീഡിയോകൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാവാം. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ പുരുഷന്മാരിൽ ജനിപ്പിക്കുന്നതിനും പോണോഗ്രാഫിയുടെ അമിതമായ ദൃശ്യവത്കരണം കാരണമാണെന്ന് ഹർജിയിൽ പറയുന്നു.