വയനാട്:പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബിരുദ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു.സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന എസ്എഫ്ഐ നേതാക്കൾ
അടക്കമുള്ള 12 പേർ ഒളിവലാണെന്ന് പൊലീസ് അറിയിച്ചു.
സിദ്ധാർത്ഥിന്റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്.മരണത്തിന്റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിത്.തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്.
കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം.എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്.സിദ്ധാർത്ഥിന്റെ സഹപാഠികളും സീനിയർ ജൂനിയർ വിദ്യാർത്ഥികളുമടക്കം പന്ത്രണ്ടുപേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.റാഗിങ് നിരോധന വകുപ്പുകൾ കൂടി ചേർത്താണ് നടപടി.കോളേജ് യൂണിയൻ പ്രസിഡന്റ്,എസ് എഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കം കേസിൽ പ്രതികളാണ്. പന്ത്രണ്ടുപേരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.. കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ. സജീവനാണ് കേസ് അന്വേഷിക്കുന്നത്.കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.യുജിസിയുടെ ആന്റി റാഗിങ് സ്ക്വാഡ് പൂക്കോടെത്തി അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും മൊഴിയെടുത്തിട്ടുണ്ട്.