സിഡ്നി: ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സിൽ ചേരുന്ന ആദ്യ മലയാളി വനിതയായി തൃശൂർ സ്വദേശിനിയായ രമ്യ രമേശ്. ഓസ്ട്രേലിയൻ പ്രതിരോധ സേനയിൽ കേരളീയരായ പുരുഷ സൈനികർ ഉണ്ടെങ്കിലും, ഇതാദ്യമായാണ് ഒരു മലയാളി വനിതയ്ക്ക് രാജ്യത്തിൻ്റെ സൈന്യത്തിൽ ഏതെങ്കിലും റോളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത്.
രമ്യ സൈന്യത്തിൽ ചേരുന്നതിന് മുമ്പ് കഠിനമായ ശാരീരിക പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയിരുന്നു. പൊങ്ങനംകാട് സ്വദേശി നൊട്ടത്ത് കൃഷ്ണകുമാറിൻ്റെയും രമാദേവിയുടെയും മകളാണ് രമ്യ. രമ്യയുടെ സ്കൂൾ വിദ്യാഭ്യാസം വില്ലടം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു. പിന്നീട് തൃശ്ശൂരിലെ വിമല കോളേജിൽ നിന്നും ശ്രീ കേരള വർമ്മ കോളേജിൽ നിന്നും എംഎസ്സിയും എംബിഎ ബിരുദവും നേടി. ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുമ്പ് ഗൾഫിലെ ഒരു എണ്ണ കമ്പനിയിലായിരുന്നു രമ്യ ജോലി ചെയ്തിരുന്നത്. പിന്നീടാണ് ഓസ്ട്രേലിയയിലേക്ക് എത്തുന്നത്. പൗരത്വം ലഭിച്ച് ഒന്നര വർഷത്തിന് ശേഷം രമ്യ ഓസ്ട്രേലിയൻ സൈന്യത്തിൽ ചേരുന്നത്.
രമ്യയുടെ ഭർത്താവ് രമേശ് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ വാഗ വാഗയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ദമ്പതികൾക്ക് ശ്രീഹരി, ശ്രാവൺ, ശിവാനി എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.