കാന്‍ബറ: അറുപതുകാരനായ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് പ്രണയദിനത്തില്‍ വിവാഹനിശ്ചയം. നാലുവര്‍ഷമായി പ്രണയബന്ധത്തിലായിരുന്ന നാല്പത്തഞ്ചുകാരിയായ ജോഡി ഹെയ്ഡനുമായി വാലന്റൈൻസ് ദിനത്തിൽ ഔപചാരിക വിവാഹനിശ്ചയം നടന്നു.
കാന്‍ബറയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലായിരുന്നു ചടങ്ങ്. പ്രത്യേകം രൂപകല്പനചെയ്ത മോതിരം ആല്‍ബനീസ് ഹെയ്ഡനെ അണിയിച്ചു. പദവിയിലിരിക്കേ വിവാഹനിശ്ചയം നടത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് ആല്‍ബനീസ്.സാമ്പത്തിക ഉപദേഷ്ടാവും അഭിഭാഷകയുമാണ് ഹെയ്ഡന്. ആല്‍ബനീസിന്റെ രണ്ടാം വിവാഹമാണിത്. ന്യൂസൗത്ത് വെയില്‍സ് മുന്‍ ഡെപ്യൂട്ടി പ്രീമിയര്‍ കാര്‍മല്‍ ടെബ്ബൂട്ടായിരുന്നു ആദ്യ ഭാര്യ. 19 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2019ലാണ് ഇരുവരും പിരിഞ്ഞത്. ആ ബന്ധത്തില്‍ 23 വയസുള്ള മകനുണ്ട്.