ദില്ലി: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ റഷ്യയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോസ്കോ എംബസിയിലെ സെക്യൂരിറ്റി അസിസ്റ്റന്റും യു പി ഹാപുർ സ്വദേശയുമായ സത്യേന്ദ്ര സിവാലാണ് അറസ്റ്റിലായത്. യു പി തീവ്രവാദ വിരുദ്ധ സ്ക്വാഡ് മീററ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പാക് ചാര സംഘടനയായ ഐ എസ് ഐയിൽനിന്നും പണം വാങ്ങിയാണ് ഇയാൾ വിവരങ്ങൾ ചോർത്തി നൽകിയത്. 2021 മുതൽ ഇയാൾ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ലക്നൗവിലെ എ ടി എസ് സ്റ്റഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.