അലഹബാദ്: ഗുഡ്ക കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു. അലഹബാദ് ഹൈക്കോടതിയില്‍ നടന്മാര്‍ പുകയില കമ്പനികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച കേസില്‍ വെള്ളിയാഴ്ച വാദം കേൾക്കുന്നതിനിടെയാണ് ഇതേ വിഷയം സുപ്രീം കോടതി പരിഗണിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. പ്രശ്നത്തില്‍ ഇതിനകം കേന്ദ്രം നടന്മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാറിന്‍റെ ഭാഗം കേട്ട ശേഷം കോടതി അടുത്ത വാദം കേൾക്കുന്നത് 2024 മെയ് 9 ലേക്ക് മാറ്റി. കൂടാതെ അമിതാഭ് ബച്ചൻ ഈ ഗുഡ്ക കമ്പനിയുമായി കരാർ അവസാനിപ്പിച്ചതിന് ശേഷവും തന്റെ പരസ്യം സംപ്രേക്ഷണം ചെയ്തതിന്‍റെ പേരില്‍ ഒരു ഗുട്ക കമ്പനിക്ക് നിയമപരമായ നോട്ടീസ് അയച്ചതായി കോടതിയെ അറിയിച്ചു.
ഹരജിക്കാരന്‍റെ വാദങ്ങള്‍ പ്രസക്തമാണെന്ന് നേരത്തെ കേസ് കേട്ട അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ നിരീക്ഷിച്ചത്. തുടര്‍ന്ന് കേന്ദ്രസർക്കാരിനോട് സത്യവാങ്മൂലം തേടിയത് എന്നാണ് പിടിഐ റിപ്പോർട്ട് പറയുന്നത്. ഗുഡ്ക കമ്പനി പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമ കായിക താരങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഒക്‌ടോബർ 22-ന് ഹരജിക്കാരൻ സർക്കാരിന് നിവേദനം നൽകിയിട്ടും ഹരജിക്കാരൻ അവകാശപ്പെട്ടതുപോലെ ഒരു നടപടിയും ഉണ്ടായില്ലെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഇതേത്തുടർന്നാണ് കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്ര സർക്കാർ ക്യാബിനറ്റ് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്.
ഇതിനെ തുടര്‍ന്നാണ് അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്ബി പാണ്ഡെ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു.