2018 മുതല്‍ ഇതുവരെയുള്ള അഞ്ചു വര്‍ഷത്തിനിടെ വിദേശത്ത് വെച്ച് 403 ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ മരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍.
34 രാജ്യങ്ങളില്‍ നിന്നുള്ള കണക്കാണിത്. ഇതില്‍ സ്വാഭാവിക മരണങ്ങളും അപകടങ്ങളും എല്ലാം ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കാനഡയിലാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ രാജ്യസഭയില്‍ അറിയിച്ചു.
2018 മുതല്‍ കാനഡയില്‍ 91 ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാലയളവില്‍, യുകെയില്‍ ഇന്ത്യക്കാരായ 48 വിദ്യാര്‍ത്ഥികളും, റഷ്യയില്‍ 40 ഇന്ത്യൻ വിദ്യാര്‍ത്ഥികളും, യുണൈറ്റഡ് സ്റ്റേറ്റ്സില്‍ 36 പേരും, ഓസ്‌ട്രേലിയയില്‍ 35 ഉം, യുക്രെയ്നില്‍ 21 ഇന്ത്യൻ വിദ്യാര്‍ത്ഥികളും, ജര്‍മനിയില്‍ 20 ഉം, സൈപ്രസില്‍ 14 ഉം, ഇറ്റലിയിലും ഫിലിപ്പീൻസിലും പത്തും ഇന്ത്യൻ വിദ്യാര്‍ത്ഥികളാണ് വിവിധ കാരണങ്ങളാല്‍ മരിച്ചത്.
വിദേശത്തുള്ള ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും കേന്ദ്രം പ്രതിബദ്ധരാണെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് പരിഹരിക്കുമെന്നും ഭാവിയില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ പ്രവര്‍ത്തിക്കുമെന്നും കേന്ദ്രം അറിയിച്ചു.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പതിവായി വിദേശത്തെ കോളേജുകളും സര്‍വകലാശാലകളും സന്ദര്‍ശിച്ച് അവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥികളുമായി സംവദിക്കാറുണ്ടെന്നും മന്ത്രി വി മുരളീധരൻ പറഞ്ഞു. ”വിദേശത്തുള്ള ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കേന്ദ്രസര്‍ക്കാരിന്റെ മുൻഗണനകളില്‍ ഒന്നാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍, ആ സംഭവം ശരിയായ രീതിയില്‍ അന്വേഷിക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട രാജ്യത്തെ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തര വൈദ്യസഹായം, ബോര്‍ഡിംഗ്, ആവശ്യമുള്ളപ്പോള്‍ താമസം എന്നിവ ഉള്‍പ്പെടെയുള്ള സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് ഇത്രയേറെ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മരിക്കുന്നത് എന്ന ചോദ്യവും രാജ്യസഭയില്‍ ഉയര്‍ന്നു. ഇന്ത്യയില്‍ നിന്ന് ധാരാളം വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ട് എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇതിന് മറുപടി നല്‍കിയത്.