ദില്ലി: പശ്ചിമേഷ്യയിലെ ചില മേഖലകളില്‍ കൂടി പറക്കുന്ന വിമാനങ്ങള്‍ക്ക് ജിപിഎസ് സിഗ്നലുകള്‍ നഷ്ടമാവുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റിലെ ചില പ്രദേശങ്ങളില്‍ എത്തുമ്പോള്‍ യാത്രാ വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനങ്ങള്‍ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് പുതിയൊരു സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതിയ ഭീഷണിയുടെ സ്വഭാവവും അതിനെ അതിജീവിക്കാന്‍ സ്വീകരിക്കേണ്ട നടപടികളും അറിയിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.
നാവിഗേഷന്‍ സംവിധാനത്തില്‍ തകരാര്‍ വന്നതോടെ ഇറാന് സമീപം ഒന്നിലധികം വാണിജ്യ വിമാനങ്ങൾക്ക് വഴിതെറ്റിയിരുന്നു. സെപ്തംബർ അവസാനത്തിലായിരുന്നു ഇത്. ഇത്തരത്തില്‍ ഒരു വിമാനം അനുമതിയില്ലാതെ ഇറാന്റെ വ്യോമാതിർത്തിയില്‍ എത്തുകയും ചെയ്തു. ഒരു കൂട്ടം പ്രൊഫഷണൽ പൈലറ്റുമാർ, ഫ്ലൈറ്റ് ഡിസ്പാച്ചർമാർ, ഷെഡ്യൂള്‍ ചെയ്യുന്നവര്‍, കൺട്രോളർമാർ തുടങ്ങിയവര്‍ ഇക്കാര്യം ഉന്നയിച്ചെന്നാണ് ഓപ്സ് ഗ്രൂപ്പ് (OpsGroup) റിപ്പോര്‍ട്ട് പറയുന്നത്.
മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിൽ പറക്കുന്ന വിമാനങ്ങൾക്ക് തെറ്റായ ജിപിഎസ് സിഗ്നൽ ലഭിക്കുന്നു. ഇതോടെ പോവാന്‍ ഉദ്ദേശിച്ച റൂട്ടിൽ നിന്ന് മൈലുകൾ അകലേക്കാണ് വിമാനങ്ങള്‍ വഴിതെറ്റി സഞ്ചരിക്കുന്നത്. തുടര്‍ന്ന് വടക്കൻ ഇറാഖിലെയും അസർബൈജാനിലെയും തിരക്കേറിയ വ്യോമ പാതയിലാണ് ഈ പ്രശ്നം പ്രധാനമായി റിപ്പോര്‍ട്ട് ചെയ്തത്. എർബിലിന് സമീപം ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ വരെ 12 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഏറ്റവും പുതിയത് നവംബർ 20 ന് തുർക്കിയിലെ അങ്കാറയ്ക്ക് സമീപമാണുണ്ടായത്.
ആരാണ് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്ത് സൈനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ വിന്യസിച്ചതിനാൽ ജാമിംഗും സ്പൂഫിംഗും സംഭവിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാവാന്‍ സാധ്യതയുള്ളതിനാലാണ് വിമാന കമ്പനികള്‍ക്ക് ഡിജിസിഎ മാര്‍ഗ നിര്‍ദേശം നല്‍കിയത്. നാവിഗേഷൻ സിസ്റ്റങ്ങളുടെ ജാമിംഗിനെയും സ്ഫൂഫിംഗിനെയും നേരിടാൻ ആവശ്യമായ നിര്‍ദേശങ്ങള്‍ ഡിജിസിഎ വിമാന കമ്പനികള്‍ക്ക് നല്‍കി. ഈ ഭീഷണിയെ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും സംവിധാനമുണ്ടാക്കണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചു.