ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സേവനം ചാറ്റ് ജിപിടി സിഇഒ സ്ഥാനത്ത് നിന്നും സാം ആൾട്ട്മാനെ പുറത്താക്കിയ വാര്‍ത്ത വലിയ അത്ഭുതത്തോടെയാണ് ലോകം കേട്ടത്. ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ ആണ് ഈ തീരുമാനം എടുത്തത്. സാം ആൾട്ട്മാന് മുകളിലുള്ള വിശ്വാസം നശിച്ചതിനെ തുടര്‍ന്നാണ് നടപടി എന്നാണ് ഓപ്പണ്‍ എഐ ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്.
ഡയറക്ടർ ബോർഡുമായുള്ള ആശയവിനിമയത്തിൽ സ്ഥിരത പുലർത്തുന്നില്ലെന്ന് അവലോകനത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ കൂടിയായ ആൾട്ട്മാനെ പുറത്താക്കിയതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓപ്പൺഎഐയുടെ ചീഫ് ടെക്‌നോളജി ഓഫീസറായ മിറാ മുരാട്ടി ഉടൻ തന്നെ ഇടക്കാല സിഇഒ ആയി ചുമതലയേൽക്കുമെന്നാണ് ഓപ്പണ്‍ എഐ അറിയിക്കുന്നത്. അല്‍ബേനിയക്കാരിയാണ് മിറാ. അതേ സമയം 1985 ല്‍ ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിനെ ആപ്പിള്‍ ഡയറക്ടര്‍ ബോര്‍ഡ് പുറത്താക്കിയതിന് സമാനം എന്നാണ് സാം ആൾട്ട്മാനെ പുറത്താക്കിയതിനെ ടെക് ലോകം കാണുന്നത്. അതേ സമയം ചാറ്റ് ജിപിടിയില്‍ പ്രവര്‍ത്തിച്ച കാലത്ത് വ്യക്തിപരമായി വലിയ രീതിയിലും, സമൂഹത്തില്‍ ചെറിയ തോതിലും ഉണ്ടാക്കിയ മാറ്റത്തില്‍ സന്തോഷമുണ്ടെന്നും. ഇക്കാലത്ത് ഒപ്പം പ്രവര്‍ത്തിച്ചവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നുമാണ് സാം ഈ പുറത്താക്കലിന് ശേഷം ഔദ്യോഗികമായി പ്രതികരിച്ചത്.
അതേ സമയം ഓപ്പണ്‍ എഐയുടെ ഏറ്റവും വലിയ പങ്കാളികളായ മൈക്രോസോഫ്റ്റ് സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഓപ്പണ്‍ എഐയുമായുള്ള സഹകരണം ശക്തമായി തുടരും എന്നാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേല്ല എക്സില്‍ പോസ്റ്റ് ചെയ്തത്.
അതേ സമയം സാം ആള്‍ട്ട്മാന്‍ പ്രശസ്തിയിലേക്ക് എത്തുന്നത് അഭൂതപൂർവമായ കഴിവുകളുള്ള ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി പുറത്തിറക്കിയതോടെയാണ്. കഴിഞ്ഞ നവംബര്‍ മുതല്‍ ടെക് ലോകത്തെ സെൻസേഷനായി മാറിയ ഇദ്ദേഹം ചാറ്റ് ജിപിടി എന്ന സംവിധാനത്തിന്‍റെ മുഖം തന്നെയായിരുന്നു.
38 കാരനായ ആൾട്ട്മാൻ സിലിക്കൺ വാലിയിലെ ന്യൂറോക്ക് സ്റ്റാര്‍ ആയിരുന്നു. ടെക് ലോകത്ത് പെട്ടെന്ന് തന്നെ ഒരു എഐ ബൂം ആണ് ഇദ്ദേഹം സഹസ്ഥാപകനായ ചാറ്റ് ജിപിടി തുടക്കമിട്ടത്. അതേ സമയം മുൻ ഗൂഗിൾ സിഇഒയും ചെയർമാനുമായ എറിക് ഷ്മിത്ത് പറഞ്ഞത് പോലെ ചുരുങ്ങിയ കാലത്തില്‍ 90 ബില്യൺ ഡോളർ മൂല്യമുള്ള ഒരു കമ്പനി കെട്ടിപ്പടുത്ത വ്യക്തിയാണ് സാം. അതിനാല്‍ തന്നെ സ്വതന്ത്ര്യനാകുന്ന അദ്ദേഹത്തിന്‍റെ അടുത്ത സ്റ്റെപ്പ് എന്തായിരിക്കും എന്നത് ലോകം ഉറ്റുനോക്കും.