തിരുവനന്തപുരം: സുപ്രധാന മേഖലകളിലെ സഹകരണവും വാണിജ്യ ബന്ധങ്ങളും സംബന്ധിച്ച് കേരളവും വടക്കൻ ഓസ്ട്രേലിയൻ പ്രവിശ്യയും തമ്മിൽ ധാരണാപത്രം ഒപ്പിടുമെന്ന് പ്രവിശ്യ ഉപമുഖ്യമന്ത്രി നിക്കോൾ മാനിസൺ. കേരള സന്ദർശനത്തിനിടെ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുമായി നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.വടക്കൻ ഓസ്ട്രേലിയയിൽ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നിക്കോൾ മാനിസൺ നയിക്കുന്ന സംഘം കേരള സന്ദർശനത്തിനെത്തിയത്. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
കേരളവും വടക്കൻ ഓസ്ട്രേലിയയുമായുള്ള സഹകരണം വാണിജ്യ രംഗത്ത് ഒട്ടേറെ ഗുണം ചെയ്യുമെന്ന് നിക്കോൾ മാനിസൺ പറഞ്ഞു. വടക്കൻ ഓസ്ട്രേലിയയിലെ മലയാളി സമൂഹം ഏറെ മികച്ചതാണെന്നും അവർ വ്യക്തമാക്കി. അവിടുത്തെ സാമ്പത്തിക പുരോഗതിയ്ക്ക് അവർ ഏറെ സഹായിക്കുന്നു.കേരളവുമായുള്ള ഓസ്ട്രേലിയയുടെ ബന്ധം അതിനാൽ തന്നെ സാർഥകമാണ്. കേരളത്തിലെ വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം എന്നിവയിൽ നിന്ന് ഓസ്ട്രേലിയയ്ക്ക് ഏറെ പഠിക്കാനുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
രാസ-ധാതു മേഖലയിലും പുനരുപയോഗ ഊർജ്ജ മേഖലയിലും കേരളത്തിനും വടക്കൻ ഓസ്ട്രേലിയയ്ക്കും സഹകരണത്തിനുള്ള സാധ്യത ഏറെയാണെന്നും അവർ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ-ചികിത്സാ സംവിധാനമാണ് വടക്കൻ ഓസ്ട്രേലിയയിലേത്. ഏതാണ്ട് രണ്ടര ലക്ഷത്തോളം ജനസംഖ്യയുള്ള ഈ പ്രവിശ്യയിൽ ആരോഗ്യ പരിപാലന രംഗത്ത് നിരവധി അവസരങ്ങളുണ്ടെന്നും അവർ പറഞ്ഞു.മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി സംഘം ചർച്ച നടത്തി. നിക്ഷേപം, വ്യവസായ-സാങ്കേതിക സഹകരണം, ആരോഗ്യ മേഖലയിലെ മികവ് എന്നിവയെക്കുറിച്ച് ചർച്ചയിൽ പ്രത്യേക ഊന്നൽ നൽകിയെന്ന് സുമൻ ബില്ല പറഞ്ഞു. ഹരിത ഹൈഡ്രജൻ, സൗരോർജ്ജം, അമൂല്യ ധാതുക്കൾ എന്നിവ കൊണ്ട് സമ്പുഷ്ടമായ സ്ഥലമാണ് വടക്കൻ ഓസ്ട്രേലിയ. ആരോഗ്യ പരിപാലന രംഗത്തെ നൈപുണ്യശേഷിയിൽ മികച്ച സഹകരണ സാധ്യതയാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളവും വടക്കൻ ഓസ്ട്രേലിയയുമായുള്ള സഹകരണത്തിൽ ചെറുകിട-ഇടത്തരം
വ്യവസായങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്ന് ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസൽ ജനറൽ സാറാ കിർല്യൂ പറഞ്ഞു. 2017 മുതൽ ആരംഭിച്ച സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നു കൂടി അവർ സൂചിപ്പിച്ചു. പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരിൽ 80,000 ഓളം മലയാളികളുണ്ട്.ഓസ്ട്രേലിയയിലെ മൂന്നാമത്തെ വലിയ ഇന്ത്യൻ വംശജ സമൂഹമാണ് മലയാളികളുടേത്. ഇതിനു പുറമേ ഒരു ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളും ഓസ്ട്രേലിയയിൽ പഠിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി ഐഎഎസ്, ഇലക്ട്രോണിക്സ് ഐടി വകുപ്പ് സെക്രട്ടറി രത്തൻ യു കേൽക്കർ ഐഎഎസ്, കെഎസ്ഐഡിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്നേഹിൽ കുമാർ സിങ് ഐഎഎസ്, വടക്കൻ ഓസ്ട്രേലിയൻ ഉപമുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എയ്മി സിൻക്ലയർ, ഡാർവിൻ മലയാളി അസോസിയേഷൻ സെക്രട്ടറി ഷിൽവിൻ മാത്യൂസ്, സാന്റാമോണിക്ക ഗ്രൂപ്പ് കോ- ഓർഡിനേറ്റർ ബേബി എബ്രഹാം, പ്രധാന വാണിജ്യ-വ്യവസായ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.