ന്യൂയോര്‍ക്ക് : ചരിത്രത്തിലാദ്യമായി രണ്ട് ട്രാൻസ്ജെൻഡര്‍ മത്സരാര്‍ത്ഥികള്‍ ഒരുമിച്ച് പങ്കെടുക്കുന്ന എഡിഷനാകാനൊരുങ്ങി ഇക്കൊല്ലത്തെ മിസ് യൂണിവേഴ്സ്.
മിസ് പോര്‍ച്ചുഗലായ മറീന മഷെറ്റും മിസ് നെതര്‍ലൻഡ്സ് ആയ റിക്കി കോളുമാണ് 72ാം മിസ് യൂണിവേഴ്സ് റാംപില്‍ ചുവടുവയ്ക്കുന്ന ട്രാൻസ് മത്സരാര്‍ത്ഥികള്‍.
23കാരിയായ മറീന ഫ്ലൈറ്റ് അറ്റൻഡന്റാണ്. കഴിഞ്ഞാഴ്ചയാണ് മറീന പോര്‍ച്ചുഗലിന്റെ സൗന്ദര്യപ്പട്ടം സ്വന്തമാക്കിയത്. ഡച്ച്, മലൂക്കൻ ഗോത്രവംശജയാണ് 22കാരിയായ റിക്കി. രണ്ട് പേരില്‍ ആരെങ്കിലും ഒരാള്‍ വിജയിച്ചാല്‍ ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് പട്ടം നേടുന്ന ആദ്യ ട്രാൻസ് വനിതയെന്ന നേട്ടം സ്വന്തമാക്കാം.
2012ലാണ് ട്രാൻസ്ജെൻഡര്‍ മത്സരാര്‍ത്ഥികള്‍ക്കും പങ്കെടുക്കാമെന്ന നിയമം മിസ് യൂണിവേഴ്സില്‍ പ്രാബല്യത്തില്‍ വന്നത്. 2018ല്‍ സ്പെയിന് വേണ്ടി മത്സരിച്ച ആഞ്ചെല പോണ്‍സെ ആണ് മിസ് യൂണിവേഴ്സില്‍ പങ്കെടുത്ത ആദ്യ ട്രാൻസ്ജെൻഡര്‍.
അതേ സമയം, ചരിത്രപരമായ നിരവധി മാറ്റങ്ങള്‍ മിസ് യൂണിവേഴ്സില്‍ അടുത്തിടെ വരുത്തിയിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് മത്സരിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി നീക്കിയെന്ന ചരിത്ര പ്രഖ്യാപനമുണ്ടായത്. ഇനി മുതല്‍ പതിനെട്ടും അതിന് മുകളിലും പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാമെന്ന് സംഘാടകരായ മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷൻ പറയുന്നു.
വിവാഹിതരെയും അമ്മമാരെയും മത്സരിക്കാൻ അനുവദിച്ച് കൊണ്ടുള്ള മാറ്റം മിസ് യൂണിവേഴ്സ് മുമ്ബ് നടപ്പാക്കിയിരുന്നു. തായ് ട്രാൻസ്ജെന്റര്‍ അവകാശ പ്രവര്‍ത്തക ആൻ ജാക്കഫോംഗ് ജാക്രജുതാടിപ്പിന്റെ ഉടമസ്ഥതയിലുള്ള മീഡിയ ഡിസ്ട്രിബ്യൂഷൻ കമ്ബനി ജെ.കെ.എൻ ഗ്ലോബല്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷൻ 20 മില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു.