ന്യൂയോര്‍ക്ക്: ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധത്തിന് പിന്നാലെ യു.എസില്‍ ഖാലിസ്ഥാനി ബന്ധമുള്ളവര്‍ക്ക് സുരക്ഷാ ഏജൻസി ഫെഡറല്‍ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.ജീവൻ അപകടത്തിലാകാമെന്ന മുന്നറിയിപ്പാണ് നല്‍കിയതെന്ന് അമേരിക്കൻ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നിജ്ജര്‍ വധിക്കപ്പെട്ടതിന് ശേഷം ജൂണ്‍ അവസാനം രണ്ട് എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെയും കാലിഫോര്‍ണിയയിലെ മറ്റ് രണ്ട് സിഖ് വംശജരെയും ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ടെന്നും മുന്നറിയിപ്പ് നല്‍കിയെന്നും അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ പ്രീത്പാല്‍ സിംഗ് മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ജാഗ്രത പാലിക്കണമെന്നല്ലാതെ ആരില്‍ നിന്നാണ് ഭീഷണിയെന്ന് വ്യക്തമാക്കിയില്ലെന്നും പറഞ്ഞു. അതേസമയം, നിജ്ജറിന്റെ മരണത്തിന് മുമ്ബ് കനേഡിയൻ ഇന്റലിജൻസ് വിഭാഗം തങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ബ്രിട്ടീഷ് കൊളംബിയ ഗുരുദ്വാര കൗണ്‍സില്‍ വക്താവ് മൊനീന്ദര്‍ സിംഗും അറിയിച്ചു. റോയല്‍ കനേഡിയൻ മൗണ്ടഡ് പൊലീസ് നിജ്ജറിന് പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിരുന്നു. എഫ്.ബി.ഐയും കനേഡിയൻ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചില്ല. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗര്‍ ഫോഴ്സ് തലവനായിരുന്ന നിജ്ജര്‍ കഴിഞ്ഞ ജൂണ്‍ 18നാണ് കാനഡയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്ക്ക് മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
അതേസമയം, നിജ്ജറുടെ വധത്തില്‍ ഇന്ത്യൻ പങ്കാരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസ്താവന നടത്തിയത് ‘ ഫൈവ് ഐസ്’ സഖ്യരാജ്യങ്ങള്‍ക്കിടയില്‍ പങ്കുവച്ച രഹസ്യ വിവരങ്ങള്‍ മുൻനിറുത്തിയാണെന്ന് കാനഡയിലെ യു.എസ് അംബാസഡര്‍ ഡേവിഡ് കോഹൻ അവകാശപ്പെട്ടിരുന്നു. യു.എസ്, യു.കെ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ എന്നീ രാജ്യങ്ങളുടെ ഇന്റലിജൻസ് കൂട്ടായ്മയാണ് ‘ഫൈവ് ഐസ്’. എന്നാല്‍ എന്ത് വിവരങ്ങളാണ് പങ്കുവച്ചതെന്നോ അവ എങ്ങനെ ലഭിച്ചെന്നോ കോഹൻ വ്യക്തമാക്കിയിരുന്നില്ല. നിജ്ജറുടെ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ട്രൂഡോയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.