ഹേഗ്: നെതര്‍ലൻഡ്സിലെ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐ.സി.സി) കമ്ബ്യൂട്ടര്‍ ശൃംഖല ഹാക്ക് ചെയ്തു.
ചൊവ്വാഴ്ച ഐ.സി.സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് യുദ്ധക്കുറ്റങ്ങളെ കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി.
കഴിഞ്ഞയാഴ്ച അവസാനത്തോടെ തങ്ങളുടെ കമ്ബ്യൂട്ടര്‍ സംവിധാനത്തില്‍ അസാധാരണമായി പ്രവൃത്തികള്‍ നടന്നതായി തിരിച്ചറിഞ്ഞെന്ന് ഐ.സി.സി അറിയിച്ചു. ഹാക്കിങ് എത്രത്തോളം ഗുരുതരമാണെന്നോ പൂര്‍ണമായും പരിഹരിച്ചുവെന്നോ പിന്നിലാരാണെന്നോ ഉള്ള കാര്യങ്ങള്‍ ഐ.സി.സി വ്യക്തമാക്കിയിട്ടില്ല. സൈബര്‍ സുരക്ഷാ വീഴ്ചയോട് പ്രതികരിക്കാനും അതിന്റെ ആഘാതം ലഘൂകരിക്കാനും ഉടനടി നടപടികള്‍ സ്വീകരിച്ചുവെന്ന് മാത്രമാണ് അറിയിച്ചത്.2002ലാണ് യുദ്ധക്കുറ്റങ്ങളും മറ്റ് ക്രൂരതകളും കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്രതലത്തില്‍ ഇടപെടാൻ ഹേഗ് ആസ്ഥാനമായി ക്രിമിനല്‍ കോടതി സ്ഥാപിച്ചത്. 123 രാജ്യങ്ങളാണ് അംഗങ്ങളായിട്ടുള്ളത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിലൂടെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. യുദ്ധക്കുറ്റങ്ങള്‍ക്കൊപ്പം യുക്രെയ്നില്‍ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയെന്നതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം. എന്നാല്‍ ഇത് കോടതിയുടെ അതിരുകടന്ന നടപടിയാണെന്നാണ് റഷ്യ പ്രതികരിച്ചിരുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ റഷ്യ അംഗമല്ല.