തിരുവനന്തപുരം: ഇനി ധൈര്യമായി ചൈനയില്‍ നിന്നുള്ള ആദ്യ ചരക്ക് കപ്പലിന് വിഴിഞ്ഞം വാര്‍ഫില്‍ അടുക്കാം. ക്രെയിനുകളുമായി എത്തുന്ന ആദ്യ ചരക്ക് കപ്പലിനെ വാർഫിൽ അടുപ്പിക്കാനായി എത്തിച്ച ടഗ്ഗ് ഭാരശേഷി പരിശോധനയിൽ വിജയിച്ചു. മുംബൈയിൽ നിന്ന് എത്തിച്ച ഓഷ്യൻ സ്പിരിറ്റ് എന്ന ടഗ്ഗിന്റെ ബൊള്ളാർഡ് പരിശോധനയാണ് വിജയം കണ്ടത്. വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിൽ നടന്ന പരിശോധന രണ്ട് മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്.
കൊച്ചിൻ ഷിപ്പിയാർഡിന്റെയും ഐ. ആർ.എസ്. ഉദ്യോഗസ്ഥരുടെയും അദാനിയുടെ കമ്പനിയായ ഓഷ്യൻ സ്പാർക്ക് ലിമിറ്റഡിലെ വിദഗ്ധരുടെയും സാന്നിധ്യത്തിൽ ഇന്നലെ രാവിലെ ഒൻപതിനാണ് ഭാരശേഷി പരിശോധന ആരംഭിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി അനുകൂലമായ കാലാവസ്ഥയിൽ കടലും ശാന്തമായിരുന്നതാണ് പരിശോധന വേഗത്തിൽ തീർക്കാൻ വഴി തെളിച്ചതെന്ന് അധികൃതർ പറഞ്ഞു.
ഭാര പരിശോധന കടമ്പ കടന്ന ടഗ്ഗിനെ തുറമുഖ നിർമ്മാണ മേഖലയിലേക്ക് മാറ്റി. ഇനി തുറമുഖത്തിനായി ക്രെയിനുകളുമായി വരുന്ന എല്ലാ കപ്പലുകളെയും വാർഫിലടുപ്പിക്കാനുള്ള ചുമതല ഓഷ്യൻ സ്പിരിറ്റിനായിരിക്കും. 17 വർഷം മുൻപ് നിർമ്മിച്ച ടഗ്ഗിന് 33.98 മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുണ്ട്. 175 ടണ്ണോളം ഭാരം വലിക്കാൻ ശേഷിയുമുള്ള ഓഷ്യൻ സ്പിരിറ്റ് ഒരാഴ്ച മുൻപാണ് മുംബൈയിൽ നിന്ന് വിഴിഞ്ഞത്ത് എത്തിയത്.ഓഗസ്റ്റ് രണ്ടാം വാരത്തില്‍ ബൊളളാർഡ് പുൾടെസ്റ്റിംഗ് കേന്ദ്രത്തിലെ ഭാരശേഷി പരീക്ഷണം വിജയിച്ച് എസ് സി ഐ ഊർജ എന്ന കപ്പല്‍ പരീക്ഷണം പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. ഓരോ അഞ്ചുവർഷം കൂടുമ്പോൾ ഇത്തരത്തിലുളള യാനങ്ങൾ വലിവുശേഷി പരിശോധനാ നടത്താറുള്ളത്. 500 ടൺ വരെയുളള യാനങ്ങളുടെ ശേഷി പരിശോധന നടത്താനുളള സൗകര്യമാണ് വിഴിഞ്ഞം ബൊളളാർഡ് പുൾടെസ്റ്റ് കേന്ദ്രത്തിലുളളത്.