തിരുവനന്തപുരം: സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യയ്ക്ക് ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്ന് എഫ്ഐആര്‍. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്. ഇന്നലെയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അപർണ സോഷ്യൽ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ടായിരുന്ന അപർണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു. ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണയുടെ താമസം. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി രാജി വച്ചിരുന്നു. അപർണയുടെയും സഞ്ജിതിന്റെയും രണ്ടാം വിവാഹമായിരുന്നു. അപർണയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. നാല് വർഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്.