തിരുവനന്തപുരം: ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് സ്വദേശി മരിച്ചു. കന്യാകുമാരി വിളവംകോട് കാരുണ്യാപുരം വീട്ടിൽ ഷീജയുടെ മകൾ സീൻ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വെങ്ങാനൂർ സ്വദേശി ധനുഷിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ കാഞ്ഞിരംകുളം കാണവിള കോളനിക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന സീൻ കരുംകുളത്തെ സുഹൃത്തിന്റെ വീട്ടിൽ എത്തിയിരുന്നു. അവിടെ നിന്ന് മറ്റ് സുഹൃത്തുക്കളോടൊപ്പം രാത്രിയിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ ബൈക്ക് തെന്നിമറിഞ്ഞായിരുന്നു അപകടം.
റോഡു വക്കിലെ പൈപ്പ് കുറ്റിയിൽ തലയിടിച്ച് ഗുരുതര പരിക്കേറ്റ യുവതിയെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ബുധനാഴ്ച വൈകുന്നേരത്തോടെ മരണമടഞ്ഞു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.