ദില്ലി: തുടര്‍പഠനത്തിനുള്ള സഹായം കേരളം നല്‍കാമെന്ന നിര്‍ദ്ദേശം മുസഫര്‍നഗര്‍ സംഭവത്തിനിരയായ കുട്ടിയുടെ കുടുംബം സ്വീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. വിദ്യാര്‍ഥിയുടെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടര്‍പഠനത്തിന് സംസ്ഥാനം താങ്ങാകാന്‍ സന്നദ്ധമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കേരളത്തിന്റെ സമുദായ മൈത്രിയും സാഹോദര്യവും ഉത്തര്‍പ്രദേശിലും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് തങ്ങള്‍ക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞതായി ജോണ്‍ ബ്രിട്ടാസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ കുബ്ബാപുര്‍ ഗ്രാമത്തിലെത്തി കുട്ടിയെയും കുടുബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷമാണ് ജോണ്‍ ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത്.