കാൻബെറ : ഓസ്ട്രേലിയയില്‍ പരിശീലനത്തിനിടെ 23 സൈനികരുമായി പോയ അമേരിക്കൻ സൈനിക വിമാനം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു.20 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്.
മെല്‍വില്‍ ഐലൻഡില്‍ ഞായര്‍ രാവിലെ 9.30നായിരുന്നു അപകടം. ചൈനയ്ക്കെതിരായ നീക്കങ്ങളുടെ ഭാഗമായി യുഎസ് മറൈൻ ഫോഴ്സിലെ 150 അംഗങ്ങളാണ് ഓസ്ട്രേലിയയിലെ ഡാര്‍വിനിലെ സൈനികത്താവളത്തിലുള്ളത്. കര, നാവിക, വ്യോമസേനകളുടെ സംയുക്ത പരിശീലനമാണ് നടക്കുന്നത്. സെപ്തംബര്‍ ഏഴുവരെയാണ് പരിശീലനം നിശ്ചയിച്ചിരുന്നത്.
ഓസ്പ്രേ ഹെലികോപ്റ്റര്‍ ഡാര്വിൻ നഗരത്തിനടുത്ത് മെല്‍വില്‍ ദ്വീപില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഓസ്ട്രേലിയ, യുഎസ്, ഫിലിപ്പീൻസ്, ഈസ്റ്റ് ടിമൂര്‍ രാജ്യങ്ങളിലെ 2500 സൈനികര്‍ പങ്കെടുക്കുന്ന ‘പ്രെഡേറ്റര്‍ റണ്‍’ അഭ്യാസത്തിനിടെയായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ യുഎസ് സൈനികര്‍ മാത്രമാണുണ്ടായിരുന്നത്.കഴിഞ്ഞ മാസം അവസാനം മറ്റൊരു സംയുക്ത സൈനികാഭ്യാസത്തിനിടെ ക്വീൻസ്ലാൻഡ് തീരത്ത് ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് ഓസ്ട്രേലിയൻ സൈനികര്‍ മരിച്ചിരുന്നു.