മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ പ്രതിപട്ടിക സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥരാണ്. പ്രതികളായ നാലു പൊലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിങ്ങനെയാണ് പ്രതിപട്ടിക. അതേസമയം, കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് വിവരം.