തൃശൂര്‍: പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവും മലപ്പുറം പുതുപൊന്നാനി സ്വദേശിയും ഇപ്പോള്‍ മുണ്ടൂര്‍ പെരിങ്ങന്നൂരില്‍ താമസക്കാരനുമായ ഷംനാദി (28)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്‌കൂളില്‍ വിജയിച്ചതിന്റെ സന്തോഷം പങ്കിടാനെന്ന പേരില്‍ പെണ്‍കുട്ടി അറിയാതെ നല്‍കിയ പാനീയത്തില്‍ മദ്യം ചേര്‍ക്കുകയും തുടര്‍ന്ന് മദ്യലഹരിയിലായ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടിൽപ്പാലത്ത് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. 23ന് വൈകിട്ട് മുതലാണ് ഡിഗ്രി വിദ്യാർത്ഥിയായ പെൺകുട്ടിയെ കാണാതായത്. ഇന്നലെ ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്.
പെൺകുട്ടിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ, തൊട്ടിൽപാലത്തിന് അടുത്ത് മറ്റൊരു സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയുണ്ടെന്ന് വ്യക്തമായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ പൂട്ട് പൊളിച്ച് കടന്നപ്പോഴാണ് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കണ്ടെത്തി. പ്രതിയെ തിരിച്ചറിഞ്ഞതായും പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.