കൽപ്പറ്റ: വയനാട് മാനന്തവാടിയിലെ ജീപ്പ് അപകടത്തിന്‍റെയും അപകടത്തിൽ മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും കൂടുതൽ വിവരങ്ങൾ പുറത്ത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഡ്രൈവർ മണികണ്ഠനുൾപ്പെടെ 3 പേരുടെ നില അതീവഗുരുതരമായി തുടരുകയാണെന്നാണ് വിവരം. വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്.