കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ തുടരുന്ന കുർബാന തർക്കം പരിഹരിക്കാൻ ചർച്ചയ്ക്ക് ഒരുക്കമാണെന്ന് സിനഡ് മെത്രാന്മാരുടെ സംയുക്ത പ്രസ്താവന. മാർ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിൽ 9 അംഗ മെത്രാൻ സമിതിയെ ചർച്ച കൾക്കായി നിയോഗിച്ചു. 7 നിബന്ധനകൾക്ക് വിധേയമായിരിക്കും ചർച്ചകൾ. പ്രശ്നപരിഹാര തീരുമാനങ്ങൾ എടുക്കേണ്ടത് പേപ്പൽ ഡെലിഗേറ്റിന്റെ അനുമതിയോടെ ആകണം. ഏകീകൃതകുർബാന നടപ്പാക്കാൻ താല്പര്യമുള്ള വൈദികരെ തടയരുത്. അതിരൂപതയിൽ എത്തുന്ന മെത്രാൻമാർക്ക് ഏകീകൃത കുർബാന അർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണം അടക്കമുള്ള നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ചർച്ചകൾ. എന്നാൽ മാർപാപ്പ അംഗീകരിച്ച ഏകീകൃതകുർബാന ഘട്ടം ഘട്ടമായി നടപ്പാക്കണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിനഡ് അറിയിച്ചു.
1. എറണാകുളം-അങ്കമാലി അതിരൂപത നിലവിൽ പൊന്തിഫിക്കൽ ഡെലഗേറ്റിന്റെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെയും കീഴിലായതിനാൽ പേപ്പൽ ഡെലഗേറ്റ് മുഖേന പരിശുദ്ധ പിതാവിന്റെ സമ്മതത്തോടെ മാത്രമേ പരിഹാരത്തിനുള്ള ഏതു നിർദ്ദേശവും നടപ്പിലാക്കാൻ കഴിയൂ.
2. വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നത് സംബന്ധിച്ച് 2022 മാർച്ച് 25ലെ കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ തന്ന ഉദ്ബോധനം അനുസരിക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ തയ്യാറാകണം.
3. ഏകീകൃത കുർബാനയർപ്പണരീതി ക്രമാനുഗതമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കത്തീഡ്രൽ ബസിലിക്ക, പരിശീലനകേന്ദ്രങ്ങൾ, സന്യാസ ഭവനങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏകീകൃത രീതിയിലുള്ള കുർബാനയർപ്പണം ആരംഭിക്കേണ്ടതാണ്.
4. ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിനുവേണ്ടി ബോധവത്കരണത്തിനായി നിശ്ചിതസമയം ആഗ്രഹിക്കുന്ന ഇടവകകൾ കാനോനികമായ ഒഴിവ് (CCEO 1538) വാങ്ങേണ്ടതാണ്.
5. ഏകീകൃത വിശുദ്ധ കുർബാനയർപ്പിക്കുന്ന വൈദികർക്കും അപ്രകാരം അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും യാതൊരു വിധത്തിലുമുള്ള തടസ്സങ്ങളും സൃഷ്ടിക്കാൻ പാടില്ല.
6. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളോ സ്ഥാപനങ്ങളോ സന്ദർശിക്കുന്ന മെത്രാൻമാർക്ക് വിശുദ്ധ കുർബാന ഏകീകൃത
രീതിയിൽ അർപ്പിക്കുന്നതിന് തടസ്സമുണ്ടാകരുത്. ഇത്തരം അവസരങ്ങളിൽ എല്ലാ ഇടവക വൈദികരും അതത് ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
7. വിശുദ്ധ കുർബാനയർപ്പണങ്ങളിൽ പരിശുദ്ധ മാർപാപ്പ, മേജർ ആർച്ച്ബിഷപ്പ്, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ പേരുകൾ അനുസ്മരിക്കേണ്ടതാണ്.
അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കാൻ മൂന്ന് നിർദ്ദേശങ്ങൾ സമർപ്പിച്ച് സുപ്രീം കോടതി മുൻ ജസ്റ്റിസും മുൻ പൊന്തിഫിക്കൽ സമിതി അംഗവുമായ ജസ്റ്റിസ് കുര്യൻ ജോസഫ്. അതിരൂപതയിലെ പ്രദേശത്തിന്‍റെ സാഹചര്യം നോക്കി ജനാഭിമുഖ കുർബാനയോ ഏകീകൃത കുർബാനയോ അർപ്പിക്കാൻ വൈദികർക്ക് അനുവാദം നൽകണം.അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ എല്ലാ ഞായറാഴ്ചയും ഒരു കുർബാന നിർബന്ധമായി ഏകീകൃത കുർബാന ആക്കുക, സഭാ മേലധ്യക്ഷൻമാർ പള്ളിയിലെത്തുമ്പോൾ അതാത് രീതിയനുസരിച്ച് കുർബാന അർപ്പിക്കാൻ അവസരം നൽകുക എന്നീ മൂന്ന് നിർദ്ദേശമാണ് സിനഡിന് മുന്നിൽ സമർപ്പിച്ചത്. വൈവിധ്യങ്ങളെ അംഗീകരിച്ച് തീരുമാനമെടുത്താൻ പ്രശനങ്ങളില്ലാതെ സിറോ മലബാർ സഭയ്ക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നും കത്തിൽ പറയുന്നു.