മോസ്കോ : വിമത നീക്കം കൊണ്ട് റഷ്യയെ വിറപ്പിച്ച റഷ്യൻ കൂലിപ്പട്ടാളം വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവൻ യെവ്‍ഗെനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമാനാപകടത്തിലാണ് വിമത നേതാവ് കൊല്ലപ്പെട്ടതെന്ന് റഷ്യ സ്ഥിരീകരിച്ചതായി ബിബിസി അടക്കം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പ്രിഗോഷിനൊപ്പം വിശ്വസ്ഥൻ ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്ന മറ്റ് എട്ട് പേരും കൊല്ലപ്പെട്ടു. വടക്കൻ മോസ്‌കോയിൽ നിന്നു സെന്റ് പീറ്റേഴ്സ് ബർഗിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടമുണ്ടായത്. വിമാനം വെടിവെച്ചിട്ടതെന്ന രീതിയിലുള്ള പ്രചാരമുണ്ട്. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഏഴ് യാത്രക്കാര്‍ക്ക് ഒപ്പം മൂന്ന് ക്രൂ അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അടുത്തിടെ അട്ടിമറി നീക്കം നടത്തി റഷ്യയെ വിറപ്പിച്ച വിമത നേതാവിനെ ലോകം വലിയ അത്ഭുതത്തോടെയായിരുന്നു കണ്ടിരുന്നത്. കഴിഞ്ഞ ജൂണിലാണ് 25,000 അംഗങ്ങളുള്ള വാഗ്നർ കൂലിപ്പട്ടാളം മോസ്കോ ലക്ഷ്യമിട്ട് നീങ്ങിയത്. മണിക്കൂറുകളോളം റഷ്യയ്ക്കൊപ്പം ലോകത്തെയും മുൾമുനയിൽ നിർത്തിയെങ്കിലും, പിന്നീട് ഒടുവിൽ റഷ്യൻ സൈന്യത്തിനും ഭരണകൂടത്തിനും എതിരായ പോരാട്ടം അവസാനിപ്പിച്ച് അവസാനം പിന്മാറുകയായിരുന്നു.
പ്രിഗോഷിനാണ് വാഗ്നർ ഗ്രൂപ്പിന്റെ സംഘാടകൻ എന്നത് പോലും 2022 വരെ പുറംലോകം അറിയാത്ത രഹസ്യം ആയിരുന്നു. ഈ വർഷം ആദ്യമാണ് പുട്ടിനും പ്രോഗോഷിനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. ഒടുവിൽ അത് നേർക്കുനേർ യുദ്ധമായി. കഴിഞ്ഞ ജൂൺ 23 നു വ്ലാദിമിർ പുട്ടിനെതിരെ പ്രിഗോഷിന്റെ കൂലിപ്പട്ടാളം തുടങ്ങിവെച്ച കലാപം ബെലാറൂസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. അതിനു ശേഷം പുട്ടിനും പ്രിഗോഷിനും നേരിൽ കണ്ടതായി റഷ്യ സ്ഥിരീകരിച്ചിരുന്നു. ആ കൂടിക്കാഴ്ചയിൽ പുടിൻ പ്രിഗോഷിനോട് ഇനി റഷ്യൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കണം എന്നാവശ്യപ്പെട്ടിരുന്നു. വാഗ്നർ കൂലിപ്പടയുടെ പ്രവർത്തനം ഇനി ഉണ്ടാകില്ലെന്ന് പുടിൻ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ തന്റെ ഓഫർ പ്രിഗോഷിൻ നിരസിച്ചതായി വ്ലാദിമിർ പുടിൻ തന്നെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ സൈന്യത്തിൽ ചേരുന്നത് തന്റെ പടയാളികൾ ഇഷ്ടപ്പെടില്ല എന്നായിരുന്നു പ്രിഗോഷിന്റെ മറുപടി.
വ്ലാദിമിർ പുട്ടിന്റെ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗിലാണ് യെവ്ഗെനി പ്രിഗോഷിന്റെയും ജനനം. 1979 ൽ വെറും പതിനെട്ടാം വയസിൽ ജയിലിൽ വാസം. ജയിലിൽനിന്ന് ഇറങ്ങിയിട്ടും വീണ്ടും കവർച്ചയ്ക്ക് പിടിയിലായി. ഒൻപതു വർഷം പിന്നെയും ശിക്ഷ ലഭിച്ചു. പിന്നെ പുതിയൊരാളായായിരുന്നു പുറത്തിറങ്ങിയത്. ബർഗർ റസ്റ്റോറന്റ് ആരംഭിച്ചു. കച്ചവടം മെല്ലെ പച്ച പിടിച്ചു. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. അക്കാലത്താണ് വ്ലാദിമിർ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു വളർച്ച.
2000 ത്തിൽ പുടിൻ റഷ്യൻ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യെവ്ഗെനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു. പുട്ടിനോട് കാണിക്കുന്ന വിധേയത്വം കാരണം പ്രിഗോഷിനെ ‘പുട്ടിന്റെ പാചകക്കാരൻ’ എന്നുപോലും ആളുകൾ വിളിച്ചു. ആ വിളി അഭിമാനമാണെന്നായിരുന്നു അക്കാലത്ത് പ്രിഗോഷിൻ പറഞ്ഞിരുന്നത്. പ്രസിഡന്റായ പുടിൻ ക്രെംലിനിലെ സുപ്രധാന ഭക്ഷണ വിതരണ കരാറുകൾ എല്ലാം പ്രിഗോഷിനു നൽകി.
രാഷ്ട്രത്തലവന്മാർക്ക് മുതൽ സൈനിക സ്‌കൂളുകളിൽ വരെ പ്രിഘോഷിന്റെ റസ്റ്റോറന്റ് ഭക്ഷണം വിതരണം ചെയ്തു. ആ കരാറുകൾ ഭക്ഷണത്തിൽ ഒതുങ്ങിയില്ല. അധികാരം നിലനിർത്താനും കാര്യസാധ്യത്തിനും ഒപ്പം നിർത്താൻ യവ്ഗെനി പ്രിഗോഷിനെപ്പോലെ ഒരാളെ വേറെ കിട്ടാനില്ലെന്ന മനസിലായ പുടിൻ സകലതിനും അയാളെ ഒപ്പം നിർത്തി.
ആ അവസരം പ്രിഗോഷിൻ നന്നായി മുതലാക്കി. 2014 ൽ യുക്രൈന്റെ ഒരു ഭാഗം പിടിച്ചെടുക്കാൻ റഷ്യൻ സൈന്യത്തെ സഹായിക്കാനെന്ന പേരിൽ പുടിൻ വാഗ്നർ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെ ഒരുക്കിയപ്പോൾ അതിന്റെ സംഘാടന ചുമതലയും പ്രിഗോഷിന് തന്നെ ഏൽപ്പിച്ചു. പിന്നീട അങ്ങോട്ട് പുടിന്റെയും പ്രിഗോഷിന്റെയും ആ കൂലിപ്പട ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ, ക്രൂരതകൾ, മനുഷ്യാവകാശ ലംഘനങ്ങൾ, എണ്ണിയാലൊടുങ്ങാത്തവയാണ്. എക്കാലവും സ്വതന്ത്ര മാധ്യമങ്ങളെ ഭയന്ന വ്ലാദിമിർ പുടിന് വേണ്ടി മൂന്നു റഷ്യൻ മാധ്യമ പ്രവർത്തകരെ കൊന്നു തള്ളിയത് അടക്കം ഒട്ടനവധി ക്രൂരതകൾ ആസൂത്രണം ചെയ്തത് യവ്ഗെനി പ്രിഗോഷിൻ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.