തിരുവനന്തപുരം: ഈ വർഷത്തെ മൺസൂൺ ബമ്പർ ഫലം പ്രഖ്യാപിച്ചപ്പോൾ ആർക്കാകും ആ പത്ത് കോടി ലഭിക്കുക എന്ന കാത്തിരിപ്പിലായിരുന്നു കേരളക്കര. ഒടുവിൽ സസ്പെൻസിന് വിരാമമിട്ട് ആ പതിനൊന്ന് അമ്മമാർ രംഗത്തെത്തി. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്ക് ആയിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. അർഹതപ്പെട്ടവരുടെ കരങ്ങളിലാണ് ഭാഗ്യം തുണച്ചതെന്ന് പറഞ്ഞ് പ്രമുഖർ ഉൾപ്പടെ ഉള്ളവർ എത്തിയിരുന്നു. ഇപ്പോഴിതാ നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോൾ സമ്മാനാർഹമായ തുക കൈപ്പറ്റാൻ ഹരിതകർമ്മ സേനാംഗങ്ങൾ നാളെ(ഓഗസ്റ്റ് 22 ചൊവ്വാഴ്ച) തലസ്ഥാനത്ത് എത്തുകയാണ്.
ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോർഖി ഭവനിൽ രാവിലെ 9 30 ന് നടക്കുന്ന പരിപാടിയിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഭാഗ്യശാലികൾക്ക് തുക കൈമാറും. ഗതാഗതമന്ത്രി അഡ്വ ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും.