ഡബ്ലിൻ: അയര്‍ലൻഡിലെ കോര്‍ക്കില്‍ കൊല്ലപ്പെട്ട മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദീപ പരുത്തിയേഴത്ത് ദിനമണി (38) യുടെ സംസ്കാരം 11-ന് വെള്ളിയാഴ്ച തമിഴ്നാട്ടിലെ ഹൊസൂരില്‍ നടക്കും.അയര്‍ലൻഡില്‍നിന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം അന്ന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ചിന്നക്കൊലു അസലാന്തം റോഡിലെ എൻ.ബി.ആര്‍. ഹോംസിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും.
സഹോദരൻ ഉല്ലാസ് ദിനമണി ഇന്ത്യയില്‍നിന്ന് അയര്‍ലൻഡിലെത്തി ദീപ ദിനമണിയുടെ അഞ്ചുവയസുള്ള മകനെ ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത കോര്‍ക്ക് ഇന്ത്യൻ സമൂഹത്തിന് ഉല്ലാസ് ദിനമണി കൃതജ്ഞത രേഖപ്പെടുത്തി. കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷൻ, ഡബ്ല്യു.എം.സി. കോര്‍ക്ക് തുങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ദീപ ദിനമണിയുടെ കുടുംബത്തെ സഹായിക്കാൻ ഐഡോണേറ്റ് പ്ലാറ്റ്ഫോമിലൂടെ 25,000 യൂറോ സമാഹരിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഐറീഷ് പോലീസ് അറസ്റ്റുചെയ്ത ഭര്‍ത്താവ് തൃശ്ശൂര്‍ സ്വദശി റിജിൻ രാജൻ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡിലാണ്. റിജൻ രാജനെ ഓഗസ്റ്റ് 28-ന് കോര്‍ക്ക് ജില്ലാ കോടതിയില്‍ വീണ്ടും ഹാജരാക്കും. ജൂലായ് 14-ന് വെള്ളിയാഴ്ച രാത്രി കോര്‍ക്ക്, വില്‍ട്ടണ്‍ കാര്‍ഡിനല്‍ കോര്‍ട്ട് റെസിഡൻഷ്യല്‍ ഏരിയയിലെ വാടക വീടിന്റെ കിടപ്പുമുറിയിലാണ് കുത്തേറ്റ് മരിച്ചനിലയില്‍ ദീപ ദിനമണിയെ കണ്ടെത്തിയത്.
കഴിഞ്ഞ 14 വര്‍ഷമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിരുന്ന ദീപ ദിനമണി ഈ വര്‍ഷം ഏപ്രിലിലാണ് കോര്‍ക്ക് എയര്‍പോര്‍ട്ട് ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസില്‍ സീനിയര്‍ ഫണ്ട് സര്‍വീസ് മാനേജരായി ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ ഇൻഫോസിസ്, സീറോക്സ്, അപെക്സ് ഫണ്ട് സര്‍വീസസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.