കാൻപൂര്‍: ക്ലാസിലെ പെണ്‍കുട്ടിയുമായുള്ള സൌഹൃദത്തേച്ചൊല്ലിയുള്ള തര്‍ക്കം. പത്താംക്ലാസുകാരനെ കുത്തിക്കൊന്ന് ഉറ്റമിത്രം. ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഉറ്റമിത്രങ്ങള്‍ തമ്മില്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുടെ പേരിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. ബിദ്നു ഭാഗത്തെ ഗോപാല്‍പുരിയിലെ സ്വകാര്യ സ്കൂളിലായിരുന്നു ദാരുണ സംഭവം നടന്നത്.ക്ലാസ് ഉച്ച ഭക്ഷണത്തിനായി ഇടവേള നല്‍കിയ സമയത്തായിരുന്നു കൊലപാതകം. 13കാരനായ വിദ്യാര്‍ത്ഥിയാണ് 15കാരനായ സഹപാഠിയെ കൊലപ്പെടുത്തിയത്. ഇരുവരും പത്താം ക്ലാസിലെ സഹപാഠികളും അടുത്ത ചങ്ങാതികളുമാണ്. 15കാരന്‍ കഴിഞ്ഞ വര്‍ഷത്തെ പൊതുപരീക്ഷയില്‍ പരാജയപ്പെട്ടതോടെയാണ് 13കാരന്‍റെ ക്ലാസിലെത്തിയത്. നാല് ദിവസം മുന്‍പ് ഇരുവരും തമ്മില്‍ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയോടുള്ള ചങ്ങാത്തത്തിന്‍റെ പേരില്‍ വാക്കേറ്റമുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലത്തെ ഇടവേളയിലും ഇവര്‍ തമ്മില്‍ ഉരസലുണ്ടായിരുന്നു. ഉച്ചഭക്ഷണ സമയത്തെ വാക്കേറ്റത്തിനിടയില്‍ ബാഗില്‍ കരുതിയിരുന്ന കത്തി എടുത്ത് 13 കാരന്‍ 15കാരനെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും നിരവധി തവണ കുത്തേറ്റാണ് പതിനനഞ്ചുകാരന്‍റെ അന്ത്യം. 15കാരന്‍റെ നിലവിളി കേട്ട് ക്ലാസിലേക്കെത്തിയ സഹപാഠികളാണ് ആക്രമണത്തേക്കുറിച്ച് അധ്യാപകരെ അറിയിച്ചത്. അധ്യാപകര്‍ ക്ലാസ് മുറിയിലേക്ക് എത്തുമ്പോഴേയ്ക്കും 15കാരന്‍ ചോരയില്‍ കുളിച്ച നിലയിലാണ് ഉണ്ടായിരുന്നത്.
കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാസന്ന നിലയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സതേന്ദ്ര തിവാരിയുടെ ഏകമകനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 13കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എസിപി ദിനേഷ് ശുക്ള വിശദമാക്കി.