ഉഷ്ണതരംഗവും കാട്ടുതീയും ദുരന്തമുഖത്താക്കിയ ഗ്രീസില്‍ പലായനം ചെയ്ത് ആയിരങ്ങള്‍. റോഡ്സ്, കോര്‍ഫു ദ്വീപുകളില്‍നിന്നുമാത്രം പതിനായിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റോഡ്സില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും അഗ്നി നിയന്ത്രണാതീതമായി തുടരുകയാണ്. ഇവിടെനിന്നുമാത്രം 19,000 പേരെ ബസുകളിലും ബോട്ടുകളിലുമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അയല്‍രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ എത്തിയ 10 വിമാനങ്ങള്‍, 10 ഹെലികോപ്ടറുകള്‍ എന്നിവ ഉപയോഗിച്ച് തീകെടുത്താൻ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വിജയിക്കാനായിട്ടില്ല. ഇവരില്‍ ഏറെപ്പേരും വിനോദസഞ്ചാരികളാണ്. മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ കോര്‍ഫുവില്‍നിന്ന് 2400 പേരെയാണ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചത്. ഇവിയ ദ്വീപിലും കുടിയൊഴിപ്പിക്കല്‍ തുടരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ ക്രെറ്റെയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്രീസിനു പുറമെ സിസിലി, ക്രൊയേഷ്യ, അള്‍ജീരിയ, തുനീഷ്യ, ഇറ്റലി എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അള്‍ജീരിയയില്‍മാത്രം 10 സൈനികരടക്കം 34 പേര്‍ ഇതിനകം കാട്ടുതീയില്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇറ്റലിയില്‍ അഗ്നിബാധ പടര്‍ന്നതിനെ തുടര്‍ന്ന് പാലര്‍മോയിലെ ഒരു വിമാനത്താവളം അടച്ചിട്ടു.
മനുഷ്യൻ സൃഷ്ടിച്ച കാലാവസ്ഥ പ്രശ്നങ്ങളാണ് സ്ഥിതി സങ്കീര്‍ണമാക്കിയതെന്നും കൂടുതല്‍ ഗുരുതരമായി മാറിയേക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.