നെയ്‌പിഡോ: മ്യാൻമര്‍ മുൻ ഭരണാധികാരിയും നോബല്‍ സമ്മാന ജേതാവുമായ ഓംഗ് സാൻ സൂചിയെ ( 78 ) ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റാൻ സൈന്യം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
2021 ഫെബ്രുവരിയില്‍ മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ സൂചിയെ സൈന്യം അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം തടവിലാക്കുകയായിരുന്നു. നിലവില്‍ നെയ്‌പിഡോയിലെ ജയിലില്‍ ഏകാന്ത തടവില്‍ കഴിയുന്ന സൂചിയ്ക്ക് അഴിമതി അടക്കം വിവിധ കുറ്റങ്ങള്‍ കാട്ടി 33 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. സൂചി കുറ്റങ്ങള്‍ അംഗീകരിച്ചിട്ടില്ല. പട്ടാള ഭരണകൂടം നിര്‍മ്മിച്ച ഒരു ഭീമൻ ബുദ്ധ പ്രതിമയുടെ അനാച്ഛാദനം ഓഗസ്റ്റ് 3ന് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നുണ്ടെന്നും സൂചിയുടെ മോചനം ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നുമാണ് അഭ്യൂഹം. അതേ സമയം, തായ്‌ലൻഡ് വിദേശകാര്യ മന്ത്രി ഡോണ്‍ പ്രമുദ്‌വിനായ് അടുത്തിടെ സൂചിയെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. അറസ്റ്റിന് ശേഷം ആദ്യമായാണ് സൂചിയെ കാണാൻ ഒരു വിദേശ നേതാവിനെ അനുവദിച്ചത്.