ദില്ലി: എയർഹോസ്റ്റസ് ഗീതിക ശർമ്മയുടെ ആത്മഹത്യ ചെയ്ത കേസിൽ ഹരിയാന മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ഡ ഉൾപ്പെടെ രണ്ടുപേരെ ദില്ലി ഹൈക്കോടതി കുറ്റവിമുക്തരാക്കി. ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയത്. എയർ ഹോസ്റ്റസ് മറ്റു കാരണങ്ങളാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ആത്മഹത്യാ പ്രേരണ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി എല്ലാ കുറ്റങ്ങളിൽ നിന്നും ഗോപാൽ കാണ്ഡയുടെ സഹായി അരുണ ഛദ്ദയെ കോടതി വെറുതെവിട്ടു.ഗോപാൽ കാണ്ഡയുടെ എംഎൽഡിആർ എയർലൈൻസിലെ എയർ ഹോസ്റ്റസും പിന്നീട് അദ്ദേഹത്തിന്റെ കമ്പനിയുടെ ഡയറക്ടറമായിരുന്ന ഗീതിക ശർമ്മയെ 2012 ഓഗസ്റ്റ് 5 ന് വടക്കുപടിഞ്ഞാറൻ ദില്ലിയിലെ അശോക് വിഹാറിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപാൽ കാണ്ഡയുടെയും അരുണ ഛദ്ദയുടെയും പീഡനം കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മകളുടെ മരണത്തിന് ആറ് മാസത്തിന് ശേഷം ഗീതിക ശർമ്മയുടെ അമ്മയും ആത്മഹത്യ ചെയ്തു.