കാൻബെറ: ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് രണ്ട് മാസത്തിലേറെ വടക്കൻ പസഫിക് സമുദ്രത്തിന് നടുവില്‍ ഒറ്റപ്പെട്ട് പോയ ഓസ്ട്രേലിയൻ സ്വദേശി ടിം ഷാഡോക്കിന്റെയും (51) വളര്‍ത്തുനായ ബെല്ലയും ഇന്നലെ രാവിലെയോടെ കരയിലെത്തി.
മെക്സിക്കൻ നഗരമായ മാൻസാനില്ലോയിലാണ് ടിമ്മും നായയും ഇറങ്ങിയത്. താൻ ഒരിക്കിലും വിചാരിച്ചില്ല തിരികെ കരിയിലെത്താൻ സാദ്ധിക്കുമെന്ന് ഷാഡോക്ക് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്റെ ജീവൻ രക്ഷിച്ച ക്യാപ്റ്റനോടും മത്സ്യബന്ധന കമ്ബനിയോടും ഞാൻ കടപ്പെട്ടിരിക്കുന്നുവെന്നും. ഞാൻ ജീവിച്ചിരിപ്പുണ്ട്, ഞാൻ അത് നേടുമെന്ന് ഞാൻ ശരിക്കും കരുതിയിരുന്നില്ല, “അദ്ദേഹം പറഞ്ഞു. തന്റെ ശക്തി ബെല്ലയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദ്രത്തില്‍ തനിച്ചായിരിക്കാൻ ഇഷ്ടപ്പെടുന്ന ശാന്തനായ വ്യക്തിയാണെന്നാണ് ഷാഡോക്ക് സ്വയം മാദ്ധ്യമങ്ങളോട് വിശേഷിപ്പിച്ചത്.താൻ എന്തിനാണ് ഇങ്ങനെയൊരു യാത്ര പുറപ്പെട്ടത് എന്ന് ചോദ്യച്ചപ്പോള്‍ ടിമ്മിന്റെ ഉത്തരം ഇങ്ങനെയായിരുന്നു.അതിനുള്ള ഉത്തരം എന്റെ പക്കലുണ്ടെന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ കപ്പല്‍ യാത്ര ഞാൻ വളരെയധികം ആസ്വദിക്കുന്നു, കടലിനേയും അവിടുത്തെ ജീവജാലങ്ങളേയും ഞാൻ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ഫ്രഞ്ച് പോളിനേഷ്യ സന്ദര്‍ശിക്കാൻ 6,000 കിലോമീറ്റര്‍ അകലെയുള്ള മെക്സിക്കോയിലെ ലാ പാസില്‍ നിന്ന് ബെല്ലയെ കൂട്ടി ചെറുബോട്ടില്‍ പുറപ്പെട്ടതായിരുന്നു ടിം. ആഴ്ചയ്ക്കുള്ളിലുണ്ടായ കൊടുങ്കാറ്റില്‍ ടിമ്മിന്റെ ബോട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു. ഇതോടെ കരയുമായി ആശയവിനിമയം നിലച്ചു. പച്ച മീനും മഴവെള്ളവും കൊണ്ടാണ് ടിമ്മും ബെല്ലയും ജീവൻ നിലനിറുത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച, മെക്സിക്കോയിലെ ഒരു വൻകിട ഫിഷറീസ് കമ്ബനിയുടെ മത്സ്യബന്ധന ബോട്ടിനെ അനുഗമിച്ചെത്തിയ ഹെലികോപ്ടര്‍ ലക്ഷ്യമില്ലാതെ ഒഴുകുന്ന ടിമ്മിന്റെ ബോട്ട് കണ്ടെത്തി. തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ ടിമ്മിനേയും ബെല്ലയേയും രക്ഷപ്പെടുത്തി. കമ്ബനി തന്നെയാണ് ബോട്ടില്‍ ടിമ്മിന് അടിയന്തര വൈദ്യസഹായമടക്കമുള്ള സൗകര്യങ്ങള്‍ എത്തിച്ചുനല്‍കിയത്.
അതേസമയം, ബോട്ടിലെ ക്യാപ്റ്റൻ വഴി ടിം ഓസ്ട്രേലിയയിലുള്ള തന്റെ അമ്മ ജാൻ ഷാഡോക്കിന് കഴിഞ്ഞ ദിവസം ശബ്ദ സന്ദേശം കൈമാറി. താൻ സുരക്ഷിതനാണെന്നും സന്തോഷവാനാണെന്നും ടിം അമ്മയെ അറിയിച്ചു. ടിമ്മിന്റെ വരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ജാൻ. ടിമ്മിനെയും ബെല്ലയേയും ഓസ്ട്രേലിയയില്‍ എത്തിക്കാനുള്ള നടപടികള്‍ മെക്സിക്കൻ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.