മോസ്കോ: ക്രിമയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തിലുണ്ടായ തീപിടത്തതില്‍ 2000-ത്തിലധികം പേരെ ഒഴിപ്പിച്ചു. തീപിടത്തതിന് പിന്നിലെ കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
കിരോവ്‌സ്‌കി ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് തീപിടിത്തം നടന്നത്. തീപിടിത്തത്തെ തുടര്‍ന്ന് മേഖലയിലെ ഹൈവെ അടച്ചു. ക്രിമിയയിലെ ക്രെച്ച് പോര്‍ട്ടിലേക്കുള്ള പ്രധാന ഹൈവെ ആണ് അടച്ചത്. നാല് സെറ്റില്‍മെന്റുകളില്‍ നിന്നായി രണ്ടായിരം പേരെ താത്കാലിമായി പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഈ മേഖലയിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി.
അതേസമയം, യുക്രൈൻ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ് ബേസില്‍ ഒരു വെടിമരുന്ന് ഡിപ്പോയ്ക്ക് തീപിടിച്ചതെന്ന് റഷ്യൻ സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട ടെലിഗ്രാം ചാനലുകളും യുക്രെനിയൻ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.
ക്രിമിയിലെ പ്രധാന പാലം യുക്രൈന്‍ ഡ്രോണ്‍ ആക്രമണത്തി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക കേന്ദ്രത്തിലെ സ്‌ഫോടനം. 2014ലാണ് യുക്രൈനില്‍ നിന്ന് റഷ്യ ക്രിമിയ പിടിച്ചെടുത്തത്.