ക്രിമിയയെ റഷ്യൻ മേഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കടല്പാലത്തിനുനേരെ ഉക്രയ്ന് ആക്രമണം. സ്ഫോടനത്തില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു.
പാലം കടക്കുകയായിരുന്ന ദമ്ബതികള് മരിച്ചു.ഇവരുടെ മകള്ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ കരിങ്കടല്‍വഴി ധാന്യം കൊണ്ടുപോകാനുള്ള കരാറില്‍നിന്ന് പിന്മാറുന്നതായി റഷ്യ പ്രഖ്യാപിച്ചു.
ഉക്രയ്ൻ സ്പെഷ്യല്‍ ഫോഴ്സും ഉക്രയ്ൻ നാവികസേനയും സംയുക്തമായാണ് തിങ്കളാഴ്ച ആക്രമണം നടത്തിയതെന്ന് റഷ്യ പ്രതികരിച്ചു. സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണ്‍ ഉപയോഗിച്ച് തിങ്കള്‍ പുലര്‍ച്ചെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഉക്രയ്ൻ പ്രതികരിച്ചിട്ടില്ല. ഒക്ടോബറിലും പാലത്തിലേക്ക് ആക്രമണം ഉണ്ടായിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും ആക്രമിച്ചത് തങ്ങളാണെന്ന് മാസങ്ങള്‍ക്കുശേഷം ഉക്രയ്ൻ സമ്മതിച്ചിരുന്നു.
റഷ്യയില്‍നിന്ന് ക്രിമിയയിലേക്ക് ഭക്ഷ്യധാന്യവും മറ്റും എത്തിക്കുന്ന കടല്‍പ്പാലം തകര്ക്കപ്പെട്ടതിന് പിന്നാലെ, കരിങ്കടല്‍വഴി ധാന്യം കൊണ്ടുപോകാനുള്ള കരാറില് നിന്ന് പിന്മാറുന്നതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രഖ്യാപിച്ചു.
റഷ്യയുമായുള്ള യുദ്ധം ഉക്രയ്നില്‍നിന്നുള്ള ധാന്യ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ലോകത്ത് ഭക്ഷ്യപ്രതിസന്ധി രൂക്ഷമായതോടെ യു എൻ ശുപാര്‍ശപ്രകാരമാണ് കഴിഞ്ഞ വേനല്‍ക്കാലത്ത് റഷ്യ കരാറിന് സന്നദ്ധമായത്. പാശ്ചാത്യ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്ബോള്‍ത്തന്നെ, റഷ്യയില്‍നിന്ന് ഭക്ഷ്യവസ്തുക്കളും വളവും കയറ്റുമതി ചെയ്യാനും ധാരണയായി.
പലതവണ കാലാവധി നീട്ടിയ കരാര്‍ തിങ്കള്‍ അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് ഇനി പുതുക്കാനില്ലെന്ന റഷ്യയുടെ പ്രഖ്യാപനം.