ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ചാന്ദ്രയാന്‍ 3 പേടകം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിക്ഷേപിച്ചത്.വിക്ഷേപണം കഴിഞ്ഞ് അര മണിക്കൂറിന് ശേഷമാണ് ഓസ്‌ട്രേലിയയുടെ പല ഭാഗത്തും ഇതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായത്.ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ്ലാന്റ്, നോര്‍തേണ്‍ ടെറിട്ടറി എന്നീ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച രാത്രി ഇത് ദൃശ്യമായിരുന്നു.ചാന്ദ്രയാന്റെ ആകാദൃശ്യങ്ങള്‍ പകര്‍ത്തിയ പലരും അത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.ഡിലന്‍ ഒ കോണര്‍ എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം അതിവേഗം തന്നെ വൈറലായി മാറി.വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലെ പ്രാദേശിക കാലാവസ്ഥാ ഗ്രൂപ്പില്‍ ജെഫ് ബാര്‍വിക്ക് എന്നയാളും സമാനമായ ചിത്രം പങ്കുവച്ചിരുന്നു.
പത്തു മിനിട്ടോളം ചാന്ദ്രയാന്റെ യാത്ര ഓസ്‌ട്രേലിയയില്‍ കാണാമായിരുന്നു എന്നാണ് പലരും സൂചിപ്പിക്കുന്നത്.
‘നല്ല തിളക്കമേറിയ വസ്തു അതിവേഗത്തിലാണ് നീങ്ങിയത്. നാലു മിനിട്ടോളം തെക്കുഭാഗത്തേക്ക് നീങ്ങിയ അത് പിന്നിട് കിഴക്കോട്ട് ദിശമാറി അപ്രത്യക്ഷമായി’ ഉള്‍നാടന്‍ NSWലെ ഒരാള്‍ കുറിച്ചു.എന്നാല്‍ ഇത് ചാന്ദ്രയാനാണെന്ന് എല്ലാവരും അപ്പോള്‍ തിരിച്ചറിഞ്ഞിരുന്നില്ല.വാല്‍നക്ഷത്രമെന്നും, അന്യഗ്രഹ പേടകമെന്നുമൊക്കെയാണ് പലരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്.ചാന്ദ്രയാനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇന്ത്യയ്ക്കും ISROയ്ക്കും അഭിനന്ദനങ്ങളും ആശംസകളുമായി ഒട്ടേറെ പേര്‍ രംഗത്തെത്തുകയും ചെയ്തു.