കറൌലി: രാജസ്ഥാനില്‍ ബലാത്സംഗം ചെയ്ത കൊന്ന ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കറൌലിയിലാണ് ദാരുണ സംഭവം. വ്യാഴാഴ്ചയാണ് ഭിലാപാഡയിലെ കിണറിനുള്ളില്‍ 19കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചപ്പോഴാണ് പെണ്‍കുട്ടി നേരിടേണ്ടി വന്ന ക്രൂരതയേക്കുറിച്ച് വ്യക്തമായ ചിത്രം പുറത്ത് വരുന്നത്.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ഭിലാപാഡയിലെ റോഡ് അരികിലെ കിണറില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മോഹനപുര ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് സംശയിക്കപ്പെടുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയതെന്നാണ് സംശയിക്കുന്നത്.
രാത്രിയില്‍ ശുചിമുറിയിലേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടതെന്നാണ് സംഭവത്തേക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. സംഭവത്തില്‍ കുറ്റവാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം സംഭവം സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമായി പ്രയോഗിക്കുകയാണ് പ്രതിപക്ഷം. സംഭവത്തില്‍ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് രാജ്യസഭാ എംപി അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ട്. പ്രതിപക്ഷം സംസ്ഥാനത്തെ സ്ത്രീ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുകയാണ് 19കാരിയുടെ ദാരുണ മരണം