മെൽബൺ: വിക്ടോറിയയിലെ ഗ്രോസറി കടകളിൽ വിൽക്കുന്ന ചില ആയുർവേദ മരുന്നുകളിൽ ലെഡ് ഉൾപ്പെടെയുള്ള വിഷ ചേരുവകൾ അടങ്ങിയിരിക്കാമെന്ന് വിക്ടോറിയൻ ആരോഗ്യ വകുപ്പിൻറെ മുന്നറിയിപ്പ്.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആയുർവേദ മരുന്നുകളിൽ നിന്ന് വിക്ടോറിയയിലെ നിരവധി ആളുകൾക്ക് ലെഡ് വിഷബാധയേറ്റതിനെ തുടർന്നാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.
ആയുർവേദ മെഡിസിൻ എന്നത് ഇന്ത്യയിൽ നിന്നുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഒരു സമ്പ്രദായമാണ്. ഇതിൽ ഹെർബൽ മരുന്നുകളും ഭക്ഷണത്തിലെ മാറ്റങ്ങളും ചൈനീസ് ചികിത്സാവിധിയും ഉൾപ്പെടുന്നു.
ഓസ്ട്രേലിയയിൽ നിന്ന് വാങ്ങിയ ആയുർവേദ മരുന്നുകൾ കഴിക്കുന്നവർ പാക്കേജിംഗിൽ ‘AUST R’ അല്ലെങ്കിൽ ‘AUST L’ നമ്പർ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് തെറാപ്പിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചതാണ്.വിദേശത്ത് നിന്ന് വാങ്ങിയതോ ഇറക്കുമതി ചെയ്തതോ വിക്ടോറിയയിൽ നിന്ന് വാങ്ങിയ നമ്പർ ഇല്ലാത്തതോ ആയ ആയുർവേദ മരുന്നുകൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ ഉൽപ്പന്നം കഴിക്കുന്നത് നിർത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.വിദേശത്ത് നിന്ന് മരുന്നുകൾ വാങ്ങുന്ന ഏതൊരാളും ഓസ്ട്രേലിയൻ മാനദണ്ഡങ്ങൾക്കനുസൃതമായി ഉൽപ്പന്നങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് യാതൊരു ഗ്യാരണ്ടിയുമില്ലെന്ന് അറിഞ്ഞിരിക്കണം.
എക്സ്പോഷറിന്റെ തോത് അനുസരിച്ച് ലെഡ് വിഷബാധ മാരകമായേക്കാം. വയറുവേദന, മലബന്ധം, ക്ഷീണം, തലവേദന, ഓക്കാനം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. താഴ്ന്ന നിലയിലുള്ള എക്സ്പോഷറിന്റെ ലക്ഷണങ്ങൾ ക്ലിനിക്കലായി കണ്ടുപിടിക്കാൻ പ്രയാസമാണ്. പക്ഷേ ദീർഘകാലത്തേക്ക് ദോഷം വരുത്താം.